ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി, ജനങ്ങൾ സ്വതന്ത്രരായി - നൊബേൽ ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ്
text_fieldsധാക്ക: ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്ന് നൊബേൽ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ്. ‘ഹസീന ഭരിക്കുമ്പോൾ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഇന്ന് മോചനം ലഭിച്ചതായി ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും തോന്നുന്നു’ -ബംഗ്ലാദേശിൽ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകിയ പ്രഫ. മുഹമ്മദ് യൂനുസ് പാരിസിൽനിന്ന് ’ദി പ്രിന്റി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ശൈഖ് ഹസീന സർക്കാർ കള്ളം പറയുകയും ജനങ്ങളെ അടിച്ചമർത്തുകയുമായിരുന്നു. അവിടെ ജനാധിപത്യം ഉണ്ടായിരുന്നില്ല. താനാണ് പരമാധികാരിയെന്ന് കരുതിയ പ്രധാനമന്ത്രി ശൈഖ് ഹസീന ജനങ്ങളുടെ ശബ്ദം കേട്ടില്ല. രോഷാകുലരായ യുവാക്കളുടെ പ്രതിഷേധത്തിന് ചെവികൊടുത്തില്ല. വർഷങ്ങളായി രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നാട്ടിലെ യുവാക്കളോട് നിങ്ങളാരെങ്കിലും വോട്ട് ചെയ്തോ എന്ന് ചോദിച്ചുനോക്കൂ. അവരാരും വോട്ട് ചെയ്തിട്ടില്ല. ഒരു രാജ്യം, ഒരു പാർട്ടി, ഒരു നേതാവ് എന്നതായിരുന്നു നയം. എതിർത്താൽ നിങ്ങൾ പ്രശ്നത്തിലാകും.
ശൈഖ് ഹസീന അധികാരത്തിലെത്തിയത് മുതൽ ഞാൻ എപ്പോഴും പ്രശ്നത്തിലായിരുന്നു. പാവങ്ങളുടെ രക്തം കുടിക്കുന്നവൻ എന്നായിരുന്നു എന്റെ പേര് പറയാതെ വിശേഷിപ്പിച്ചിരുന്നത്. 17 കോടി വരുന്ന ബംഗ്ലാദേശ് ജനസംഖ്യയിൽ മൂന്നിൽ രണ്ടും യുവാക്കളാണ്. അവർ രോഷാകുലരായിരുന്നു.
പ്രതിപക്ഷമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, പ്രക്ഷോഭത്തിന്റെ വിഡിയോകളിലും ചിത്രങ്ങളിലും പ്രതിപക്ഷ നേതാക്കളെയോ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിക്കാരെയോ കാണുന്നില്ല. പകരം കാണുന്നത് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുന്ന പൊലീസുകാരെയും സൈനികരെയുമാണ്. സർക്കാർ നുണകളുടെ ഫാക്ടറിയായിരുന്നു. യഥാർഥ ചിത്രം ലോകം അറിയാതിരിക്കാനാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഇല്ലാതായിട്ട് കാലമേറെയായി.
വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചത് ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞൊഴിഞ്ഞാണ്. ഇതെന്നെ വേദനിപ്പിക്കുന്നു. സഹോദരന്റെ വീട് കത്തുമ്പോൾ ആഭ്യന്തര കാര്യം എന്ന് പറഞ്ഞൊഴിയാൻ കഴിയുമോ? സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യ ആവശ്യപ്പെടണമായിരുന്നു’’ -ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രഫ. മുഹമ്മദ് യൂനുസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.