ബംഗ്ലാദേശിൽ പ്രക്ഷോഭത്തിനിടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു
text_fieldsധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. ക്ലാസുകൾ പുനരാരംഭിക്കാൻ വ്യാഴാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയത്. തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച തുറന്നു. മുഖ്യ ഉപദേഷ്ടാവായ മൂഹമ്മദ് യൂനുസിന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി സെക്രട്ടറി മൊസമ്മത് റഹീമ അഖ്തറാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഞായറാഴ്ച രാവിലെ യൂനിഫോം ധരിച്ച വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിലേക്ക് പോകുന്നത് കണ്ടതായി ഡെയ്ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതോടെ ധാക്ക നഗരത്തിൽ കനത്ത ഗതാഗത തിരക്ക് അനുഭവപ്പെട്ടു. മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷകൾ സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കും.
ഒരു മാസത്തിലേറെയാണ് സ്കൂളുകളും കോളജുകളും സർവകലാശാലകളും അടക്കം അടഞ്ഞുകിടന്നത്. സർക്കാർ ജോലിയിൽ സംവരണം നടപ്പാക്കാനുള്ള ശൈഖ് ഹസീന സർക്കാറിന്റെ ഉത്തരവിനുപിന്നാലെ പ്രക്ഷോഭത്തെ തുടർന്ന് ജൂലൈ 17നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചത്. ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിനുശേഷം ആഗസ്റ്റ് ഏഴിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നെങ്കിലും ഹാജർ കുറവായതിനാൽ ക്ലാസുകൾ പൂർണമായും പുനരാരംഭിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.