ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ വ്യാഴാഴ്ച രാത്രി അധികാരമേൽക്കും; നയിക്കാൻ നൊബേൽ ജേതാവ്
text_fieldsധാക്ക: ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാത്രി എട്ട് മണിക്കായിരിക്കും സത്യപ്രതിജ്ഞയെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ അറിയിച്ചു. സർക്കാറിനെ നയിക്കാമെന്ന് സമ്മതിച്ച മുഹമ്മദ് യൂനുസ് വ്യാഴാഴ്ച ഉച്ചക്ക് പാരിസിൽനിന്ന് മടങ്ങിയെത്തും. 15 അംഗ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കലുഷിതമായ അന്തരീക്ഷം ശാന്തമാക്കുകയെന്ന ദൗത്യമാണ് മുഹമ്മദ് യൂനുസിനു മുന്നിലുള്ളത്. സമാധാനം പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് നിയുക്ത പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ചർച്ചകളിൽ വിദ്യാർഥി പ്രതിനിധികളുടെ ആവശ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം. വിദ്യാർഥികളെ പ്രകീർത്തിച്ച് ജയിൽമോചിതയായ മുൻ പ്രധാനമന്ത്രി ഖാലിദ സിയയും രംഗത്തുവന്നിരുന്നു. മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ധാക്കയിൽ ബംഗ്ലാദേശ് നാഷനൽ പാർട്ടിയുടെ വമ്പൻ റാലിയാണ് ബുധനാഴ്ച നടന്നത്.
ബംഗ്ലാദേശിലെ അധികാര കേന്ദ്രങ്ങളിൽനിന്ന് ശൈഖ് ഹസീന അനുകൂലികളെ പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. പൊലീസ് തലപ്പത്തടക്കം വമ്പൻ മാറ്റങ്ങളാണ് നടത്തിയത്. ഹസീന അനുകൂലികളായ ഉദ്യോഗസ്ഥർ ഭൂരിഭാഗവും ഒളിവിലാണ്. അതേസമയം യു.കെ അഭയം നൽകില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഹസീന തൽക്കാലം ഇന്ത്യയിൽ തുടരും. യു.എ.ഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഹസീന സമീപിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികൾ അടച്ചതോടെ, ചരക്കുനീക്കമുൾപ്പെടെ തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.