'മാമ്പഴ നയതന്ത്ര'വുമായി ശൈഖ് ഹസീനയും; മോദിക്കും മമതക്കും ഉപഹാരമായി 2600 കിലോ മാങ്ങ
text_fieldsധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മാമ്പഴം സമ്മാനിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. 2600 കിലോ മാമ്പഴമാണ് ഇരുവര്‍ക്കും ഉപഹാരമായി അയച്ചതെന്ന് ബംഗ്ലാദേശ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാറിലെ പ്രമുഖര്‍ക്ക് മമതാ ബാനര്‍ജി മാമ്പഴം ഉപഹാരമായി കൊടുത്തയച്ചിരുന്നു.
ബംഗ്ലാദേശിലെ രംഗ്പൂര്‍ ജില്ലയില്‍ വിളഞ്ഞ ഹരിഭംഗ ഇനത്തില്‍ പെട്ട മാമ്പഴമാണ് ബെനാപോള്‍ ചെക്‌പോസ്റ്റ് വഴി ഇന്ത്യയിലെത്തിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഉപഹാരമായാണ് മാങ്ങകളെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷണറുടെ ഫസ്റ്റ് സെക്രട്ടറിയാണ് മാങ്ങകള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇത് മോദിക്കും മമതക്കുമായി അയക്കുകയായിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ശൈഖ് ഹസീന മാമ്പഴം ഉപഹാരമായി നല്‍കിയേക്കുമെന്ന് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മാമ്പഴം അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാറും ബംഗാള്‍ സര്‍ക്കാറും വിവിധ വിഷയങ്ങളില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍, 'മാമ്പഴ നയതന്ത്രം' എന്നാണ് മമതയുടെ നടപടിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.