ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു; സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടു
text_fieldsധാക്ക: വിദ്യാർഥിസമരം ജനകീയ പ്രക്ഷോഭമായി കത്തിയാളിയ ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടു. പ്രക്ഷോഭകർ ഔദ്യോഗിക വസതിയായ ഗണഭവനിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പ് വ്യോമസേന ഹെലികോപ്ടറിൽ സഹോദരി ശൈഖ് രിഹാനക്കൊപ്പം രക്ഷപ്പെട്ട അവർ തിങ്കളാഴ്ച വൈകീട്ട് ഡൽഹിക്ക് സമീപത്തെ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിലിറങ്ങി. ദേശീയ സുരക്ഷ ഉപദേഷ്‍ടാവ് അജിത് ഡോവൽ അവരെ സ്വീകരിച്ചു. ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയ ഹസീന ഉടൻ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.
രാജ്യത്തെ അഭിസംബോധന ചെയ്ത ബംഗ്ലാദേശ് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ, ഭരണനിയന്ത്രണം ഏറ്റെടുക്കുകയാണെന്നും രാഷ്ട്രപതിയുമായി കൂടിയാലോചിച്ച് ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു സൈനിക മേധാവിയുടെ പ്രഖ്യാപനം.
പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതിയും ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തിയ ‘മാർച്ച് ടു ധാക്ക’യാണ് വൻ കലാപമായി മാറിയത്. മാർച്ചിനെ നേരിടാൻ സർക്കാർ വൻ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയും മൊബൈൽ ഇന്റർനെറ്റ് അടക്കം വിച്ഛേദിക്കുകയും ചെയ്തിരുന്നു. അനിശ്ചിതകാല കർഫ്യൂവും പ്രഖ്യാപിച്ചു.
രാവിലെ പത്തിന് ധാക്ക സെൻട്രൽ ശഹീദ് മിനാറിൽ ഒത്തുകൂടിയ ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ച് ആരംഭിച്ചു. ഗ്രനേഡുകളും കണ്ണീർവാതക ഷെല്ലുകളുമായാണ് പൊലീസ് ഇവരെ നേരിട്ടത്. ഉച്ചക്ക് 12.30ഓടെ പ്രക്ഷോഭകാരികൾ പ്രധാന റോഡ് ഉപരോധിച്ചു. പൊലീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് സമരക്കാർ ഇടറോഡുകളിലേക്ക് കടന്നു. ജത്രബാരിയിൽ നടന്ന വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു.
ഇതിനിടെ, കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി സൈനിക ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ 2.30ഓടെ ശൈഖ് ഹസീനയും സഹോദരിയും വ്യോമസേന ഹെലികോപ്ടറിൽ രാജ്യംവിട്ടു. പിന്നാലെ ഗണഭവനിൽ കടന്നുകയറിയ പ്രക്ഷോഭകർ ഫർണിച്ചർ അടക്കമുള്ള സാധനങ്ങൾ കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ വസതിയിൽ അതിക്രമിച്ചുകയറി തീയിട്ടു.
ചീഫ് ജസ്റ്റിസിന്റെ വസതിയിലും പാർലമെന്റ് മന്ദിരത്തിലും കടന്നുകയറി സാധനങ്ങൾ കവർന്നു. അവാമി ലീഗിന്റെ ധാക്ക ജില്ല ഓഫിസ്, ശൈഖ് മുജീബുറഹ്മാൻ സ്മാരക മ്യൂസിയം എന്നിവയും അഗ്നിക്കിരയാക്കി. ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആറു മണിക്കൂർ നിർത്തിവെച്ചു. വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് സൈനിക മേധാവി അറിയിച്ചു.
ബംഗ്ലാദേശിന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വോട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കലാപമായി മാറിയത്. സുപ്രീംകോടതി ഇടപെട്ട് സംവരണ ക്വോട്ട റദ്ദാക്കിയെങ്കിലും തുടർചർച്ചക്കുള്ള ശൈഖ് ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറിന്‍റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.