തച്ചുതകർത്ത് ഹസീനയുടെ കൊട്ടാരം; കിടപ്പുമുറിയടക്കം പ്രക്ഷോഭകർ കൈയേറി
text_fieldsധാക്ക: ബംഗ്ലാദേശിൽ ആയിരക്കണക്കിന് പ്രക്ഷോഭകർ തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി കൈയേറി. അവരുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബുറഹ്മാന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ചുതകർത്തു. കർഫ്യൂ ലംഘിച്ചാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറിയത്. ഈ സമയം ശൈഖ് ഹസീന വസതിയിലുണ്ടായിരുന്നില്ല.
ഓഫിസ് സാമഗ്രികൾ അടിച്ചുതകർക്കുന്നതിന്റെയും പുറത്ത് വിജയാഘോഷം നടത്തുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കണ്ണിൽ കണ്ടതെല്ലാം തച്ചുതകർത്ത പ്രക്ഷോഭകർ കിടപ്പുമുറിവരെ നശിപ്പിച്ചു. കസേരകളിൽ ഇരുന്ന് പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോയി. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകർ ധൻമോണ്ടിയിലെയും ധാക്കയിലെയും അവാമി ലീഗിന്റെ ഓഫിസുകൾക്ക് തീയിട്ടു. ബംഗ്ലദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകൾക്ക് സമരക്കാർ തീയിട്ടു.
ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ തലസ്ഥാനത്തെ വസതിയും ആക്രമിക്കപ്പെട്ടു. ഇവിടെനിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ട പ്രതിഷേധങ്ങൾക്കിടയിലാണ് നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 14 പൊലീസുകാരടക്കം 101 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയും ആറുപേർ കൊല്ലപ്പെട്ടു.
ധാക്കയിലേക്കുള്ള ലോങ് മാർച്ചിൽ പങ്കെടുക്കാൻ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സർക്കാർ തിങ്കളാഴ്ച രാവിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഉച്ചക്ക് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആരംഭിക്കാൻ സർക്കാർ ഏജൻസി ഉത്തരവിട്ടു. രാവിലെ മുതൽ പ്രതിഷേധക്കാർ തലസ്ഥാനത്ത് ഒത്തുകൂടി. തെരുവുകളിൽ സർവസന്നാഹവുമായി പൊലീസും സൈന്യവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ അവാമി ലീഗ് പ്രവർത്തകർ കൂടി രംഗത്തിറങ്ങിയതോടെയാണ് പിടിവിട്ട അക്രമസംഭവങ്ങളിലേക്ക് വഴിമാറിയത്.
അജിത് ഡോവൽ - ഹസീന കൂടിക്കാഴ്ച
ന്യൂഡൽഹി: ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ബംഗ്ലാദേശിന്റെ സി 130 സൈനിക വിമാനത്തിൽ സഹോദരി ശൈഖ് രിഹാനക്കൊപ്പമാണ് വൈകീട്ട് 5.36ന് ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ ഹസീന എത്തിയത്. വ്യോമസേന താവളത്തിൽ അവർ തങ്ങുന്നതിനിടെ കേന്ദ്ര വിദേശമന്ത്രി എസ്. ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ജയശങ്കർ ചൊവ്വാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കും.
സ്ഥിതിഗതികൾ വിലയിരുത്താൻ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) ഡയറക്ടർ ജനറൽ ബംഗ്ലാദേശ് അതിർത്തിയിലേക്ക് നീങ്ങി. ബംഗ്ലാദേശിലേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വിസുകളും ഇന്ത്യ റദ്ദാക്കി. എയർ ഇന്ത്യയും ഇൻഡിഗോയും ബംഗ്ലാദേശിലേക്കുള്ള വിമാന സർവിസുകളും നിർത്തിവെച്ചു. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈകമീഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കി.
കൂടുതൽ സമയം ഹസീന ഇന്ത്യയിൽ തങ്ങില്ലെന്നും ഹിൻഡൻ വ്യോമതാവളത്തിൽനിന്ന് ലണ്ടനിലേക്കോ ഫിൻലാൻഡിലേക്കോ പോകുമെന്നുമാണ് സൂചന. പ്രോട്ടോകോൾ ഇല്ലാതായെങ്കിലും വിദേശ മന്ത്രാലയത്തിൽനിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ വ്യോമതാവളത്തിൽ ഇറങ്ങാൻ അനുവദിച്ചത്. നയതന്ത്ര പരിഗണനകളൊന്നും ഹസീനക്ക് വിമാനത്താവളത്തിൽ ലഭിച്ചില്ലെങ്കിലും മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചു.
സഹോദരി ശൈഖ് രിഹാനക്ക് ബ്രിട്ടീഷ് പാസ്പോർട്ടുള്ളതിനാൽ 76കാരിയായ ശൈഖ് ഹസീന ലണ്ടനിൽ രാഷ്ട്രീയ അഭയം തേടുമെന്നാണ് റിപ്പോർട്ടുകൾ. ഹിൻഡൻ എയർബേസിൽനിന്ന് ഇന്ധനം നിറച്ച് സൈനിക വിമാനത്തിലോ ഡൽഹി വിമാനത്താവളം വഴി സ്വകാര്യ വിമാനങ്ങളിലോ യാത്ര തുടരുമെന്നും സൂചനയുണ്ട്. ഇന്ദിരഗാന്ധിയുടെ കാലത്ത് ശൈഖ് ഹസീനയുടെ പിതാവ് ശെഖ് മുജീബുർറഹ്മാനും അഭയം തേടി ഇന്ത്യയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.