ശൈഖ് ഹസീനക്കെതിരെ ഐ.സി.സി വിചാരണ തേടി ബംഗ്ലാദേശ്
text_fieldsധാക്ക: ജനകീയ പ്രക്ഷോഭത്തിനിടെയുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്.
ഐ.സി.സി പ്രോസിക്യൂട്ടർ കരീം എ ഖാനുമായി ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും യൂനുസിന്റെ മാധ്യമവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹസീനക്ക് പുറമെ, മുൻ മന്ത്രിമാർക്കെതിരെയുള്ള കേസുകളിലും ഐ.സി.സി വിചാരണ നടത്തണമെന്നും യൂനുസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശൈഖ് ഹസീനക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലുമായി സഹകരിക്കാൻ ഐ.സി.സിക്ക് താൽപര്യമുണ്ടെന്ന് കരീം എ ഖാൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ആഗസ്റ്റ് അഞ്ചിന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ശൈഖ് ഹസീനക്കെതിരെ നിരവധി കേസുകളിലാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിൽ വിചാരണ നടക്കുന്നത്. ഹസീനയെ വിട്ടുതരണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യൂനുസ് നേരത്തേ അറിയിച്ചിരുന്നു. 15 വർഷം നീണ്ട ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.