ഇന്ത്യൻ ഹൈകമീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ്; ചിന്മയ് ദാസിന്റെ ജാമ്യാപേക്ഷ നീട്ടി
text_fieldsധാക്ക: അഗർതലയിലെ ബംഗ്ലാദേശ് കോൺസുലേറ്റിൽ അക്രമിച്ചുകയറിയ സംഭവത്തിൽ ഇന്ത്യൻ ഹൈകമീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഹൈകമീഷണർ പ്രണയ് വർമയെ വൈകീട്ട് നാലോടെ വിദേശകാര്യ മന്ത്രാലയം ആക്ടിങ് സെക്രട്ടറിയാണ് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ തുടങ്ങിയ ഭിന്നത അടുത്തിടെ ഹിന്ദു സന്യാസി ചിന്മയ് ദാസ് അറസ്റ്റിലായതോടെ കൂടുതൽ മൂർച്ഛിച്ചിരുന്നു.
ബംഗ്ലദേശ് സമ്മിളിത സനാതനി ജോട്ടെ വക്താവായിരുന്ന ചിന്മയ് ദാസ് നവംബർ 25നാണ് ധാക്കയിലെ വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റിലായത്. ദേശീയപതാകയെ അപമാനിച്ചെന്നതായിരുന്നു കേസ്. ചിറ്റഗോങ് ജയിലിലുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ജനുവരി രണ്ടിലേക്ക് മാറ്റി. ചിറ്റഗോങ് മെട്രോപോളിറ്റൻ സെഷൻസ് ജഡ്ജി മുമ്പാകെയായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്.
ഇതിന്റെ ഭാഗമായി കോടതി പരിസരത്തും നഗരത്തിലും കനത്തസുരക്ഷ ഒരുക്കിയിരുന്നു. ചിന്മയ് ദാസിന്റെ അറസ്റ്റ് രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ജയിലിലടക്കപ്പെട്ടതിനെത്തുടർന്ന് ചിറ്റഗോങ്ങിലെ പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷാത്മകമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് വളരുകയാണ്. ഇന്ത്യൻ ചാനലുകൾ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്ച ബംഗ്ലാദേശ് ഹൈകോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു. എല്ലാ ഇന്ത്യൻ ചാനലുകൾക്കും നിരോധനമേർപ്പെടുത്തണമെന്നാണ് ആവശ്യം.
ബംഗ്ലാദേശ് ഹൈകമീഷൻ ഓഫിസിലെ അക്രമം: നാലു പൊലീസുകാർക്കെതിരെ നടപടി
അഗർതല: ത്രിപുര തലസ്ഥാനത്തുള്ള ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈകമീഷനിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നാലു പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി. ബംഗ്ലാദേശിൽ ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതിലും അവിടത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ച് തിങ്കളാഴ്ച ‘ഹിന്ദു സംഘർഷ് സമിതി’ പ്രവർത്തകർ നടത്തിയ പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഇവർ അസി.ഹൈകമീഷണർ ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു.
അക്രമാസക്തമായ പ്രതിഷേധത്തെ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അപലപിച്ചു. സമരക്കാരെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെയാണ് മൂന്ന് സബ് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തത്. ഡിവൈ.എസ്.പിയെ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചുവിളിക്കുകയും ചെയ്തതായി വെസ്റ്റ് ത്രിപുര എസ്.പി കിരൺ കുമാർ പറഞ്ഞു.
അക്രമത്തിൽ കേസെടുത്തിട്ടുണ്ട്. അതിനിടെ, ചിൻമോയ് കൃഷ്ണദാസിന്റെ വക്കാലത്ത് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ സുരക്ഷ ബംഗ്ലാദേശ് ഉറപ്പാക്കണമെന്ന് ‘ഇസ്കോൺ’ കൊൽക്കത്ത ഘടകം ആവശ്യപ്പെട്ടു. ചിൻമോയ് ദാസിന്റെ അഭിഭാഷകന് മർദനമേറ്റിരുന്നു. ഇതേത്തുടർന്ന് പുതിയ ആരും വക്കാലത്ത് ഏറ്റെടുക്കാൻ മുന്നോട്ടുവരാത്ത സാഹചര്യമുണ്ടെന്ന് ‘ഇസ്കോൺ’ വക്താവ് രാധാരമൺ ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.