ബംഗ്ലാദേശിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഒഴിവാക്കുന്നു; അടുത്ത തെരഞ്ഞെടുപ്പിന് പേപ്പർ ബാലറ്റ്
text_fieldsന്യൂഡൽഹി: സുതാര്യത സംബന്ധിച്ച് നിരന്തര ആക്ഷേപം നിലനിൽക്കുന്ന വോട്ടിങ് മെഷിനുകൾ ബംഗ്ലാദേശ് ഒഴിവാക്കുന്നു. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) ഉപയോഗിക്കേണ്ടതില്ലെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. 2024 ജനുവരിയിലാണ് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഇ.വി.എം റദ്ദാക്കാനുള്ള കാരണം ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശിൽ എല്ലാ മണ്ഡലങ്ങളിലും ഇ.വി.എം ഉപയോഗിക്കുന്നില്ല. ഇത്തവണ 150 മണ്ഡലങ്ങളിലെങ്കിലും ഇ.വി.എം വഴി വോട്ടെടുപ്പ് നടത്താനുള്ള തയാറെടുപ്പിലായിരുന്നു കമീഷൻ. എന്നാൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇത് കമീഷന്‍റെ പ്രവർത്തന പദ്ധതിയിൽ നിന്നുള്ള വലിയ വ്യതിയാനമാണ്.
ഇ.വി.എം ഉപയോഗിക്കുന്നതിനെതിരെ ബി.എൻ.പി ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു. അതിനാൽ, ബംഗ്ലാദേശിലെ 300 പാർലമെന്റ് മണ്ഡലങ്ങളിലും പേപ്പർ ബാലറ്റുകളും സുതാര്യമായ ബാലറ്റ് ബോക്സുകളും ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ബാലറ്റ് പേപ്പറുകളാണ് ഇ.വി.എമ്മിനേക്കാൾ സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമീഷണൻ സെക്രട്ടറി ജഹാംഗീർ ആലം പറഞ്ഞു. ഇന്ത്യയിലും ഇ.വി.എം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.