ബംഗ്ലാദേശിൽ രണ്ടുവർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഹമ്മദ് യൂനുസ്
text_fieldsധാക്ക: ബംഗ്ലാദേശിൽ രണ്ട് വർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ദേശീയ ടെലിവിഷൻ വഴിയായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജിവെച്ചതോടെയാണ് ഇടക്കാല സർക്കാറിന്റെ തലവനായി നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിനെ തെരഞ്ഞെടുത്തത്. ചീഫ് അഡ്വൈസർ എന്ന പദവിയാണ് ഇദ്ദേഹം വഹിക്കുന്നത്.
തെരഞ്ഞെടുപ്പ് രീതികളിലുൾപ്പെടെ പരിഷ്കാരങ്ങൾ വരുത്താൻ യൂനുസ് കമ്മീഷനെ നിയോഗിച്ചു.പിഴവുകളില്ലാത്ത വോട്ടർ പട്ടികയുൾപ്പെടെയുള്ള 'പ്രധാന പരിഷ്കാരങ്ങൾ മാത്രം വരുത്തിയ ശേഷം, തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ 2025 നവംബറിൽ വോട്ടെടുപ്പ് നടത്താനാകും. മുഴുവൻ പരിഷ്കാരങ്ങൾ നടത്തിയതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളു എന്നാണ് പാർട്ടികളുടെ തീരുമാനമെങ്കിൽ വീണ്ടും ആറുമാസം കൂടി കാത്തിരിക്കേണ്ടി വരും'-യൂനുസ് പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ അതിക്രമിച്ചുകയറിയതോടെയാണ് ശൈഖ് ഹസീന ഹെലികോപ്റ്ററിൽ അയൽരാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന അടുത്തിടെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.