ശൈഖ് ഹസീനയുടെ തെരഞ്ഞെടുപ്പ് കൃത്രിമം അന്വേഷിക്കാൻ ബംഗ്ലാദേശ്
text_fieldsധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കാലത്തേതടക്കം രാജ്യത്തെ മുഴുവൻ തെരഞ്ഞെടുപ്പുകളിലെയും ക്രമക്കേടുകൾ അന്വേഷിക്കുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷൻ. ശൈഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ച വിവാദമായ 2014, 2018, 2024 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും അന്വേഷണം നടത്തും.
രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ തകർച്ചക്ക് പിന്നിലെ കാരണങ്ങൾ പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എ.എം.എം നസീറുദ്ദീൻ നിർദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്താനാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നതെന്നും ധാക്ക ട്രൈബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
2014ലെ തെരഞ്ഞെടുപ്പ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയും (ബി.എൻ.പി) സഖ്യകക്ഷികളും ബഹിഷ്കരിച്ചിരുന്നു. ഇതേതുടർന്ന് അവാമി ലീഗിന്റെ 153 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൻ കൃത്രിമം നടന്നതായി ആരോപണമുയർന്ന 2018ലെ തെരഞ്ഞെടുപ്പിൽ ബി.എൻ.പി ഏഴ് സീറ്റുകൾ മാത്രമാണ് നേടിയത്.
ഭരണകക്ഷിയായ അവാമി ലീഗ് പ്രതിപക്ഷ സ്ഥാനാർഥികളായി ഡമ്മികളെ നിർത്തിയതിന് വിമർശനം നേരിട്ട 2024ലെ തെരഞ്ഞെടുപ്പിൽനിന്ന് ബി.എൻ.പി വിട്ടുനിന്നിരുന്നു.
ഇതിന്റെ ഫലമായാണ് ശൈഖ് ഹസീന തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.