ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ബംഗ്ലാദേശ് അറ്റോർണി ജനറൽ
text_fieldsധാക്ക: ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ വധശിക്ഷ വിധിക്കുന്ന വ്യവസ്ഥക്കു പുറമെ ഭരണഘടനയിൽനിന്ന് ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് ബംഗ്ലാദേശിലെ ഉന്നത നിയമ ഉദ്യോഗസ്ഥൻ. ഒരു കൂട്ടം പൗരന്മാർ സമർപിച്ച പൊതു താൽപര്യ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ അറ്റോർണി ജനറൽ മുഹമ്മദ് അസദുസ്സമാൻ ബുധനാഴ്ച ഹൈകോടതിയിൽ നടത്തിയ പ്രസ്താവനയിലാണ് ഭരണഘടനയുടെ നാല് തത്വങ്ങളിൽ രണ്ടായ ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. രാഷ്ട്രപിതാവായ ശൈഖ് മുജീബുർ റഹ്മാൻ ബംഗ്ലാദേശിന്റെ അനിഷേധ്യ നേതാവായിരുന്നു. എന്നാൽ, അവാമി ലീഗ് പാർട്ടിയുടെ താൽപര്യങ്ങൾക്കായി അദ്ദേഹത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് ‘ബംഗബന്ധു’ എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശിന്റെ സ്ഥാപക നേതാവിനെ പരാമർശിച്ച് അറ്റോർണി ജനറൽ പറഞ്ഞു.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണത്തിൽ 2011ൽ നടത്തിയ ഭരണഘടനയുടെ 15ാം ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്താണ് പൊതു തൽപര്യ ഹരജി. നിരവധി ആളുകൾ ഹരജിയെ പിന്തുണച്ചപ്പോൾ ചിലർ എതിർത്തു. ഭരണഘടനയിലെ നിരവധി വ്യവസ്ഥകൾ പുനഃസ്ഥാപിച്ചും തിരുകിക്കയറ്റിയും ഒഴിവാക്കിയും അവാമി ലീഗിന്റെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് 15-ാം ഭേദഗതി അന്ന് പാർലമെന്‍റിൽ പാസാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. മതേതരത്വം ഒരു ഭരണകൂട തത്വമെന്ന നിലയിൽ പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനുള്ള കാവൽ ഗവൺമെന്‍റ് സംവിധാനം ഇല്ലാതാക്കുക, ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ സംസ്ഥാന അധികാരം ഏറ്റെടുക്കുക, ശൈഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുക എന്നിവയും ഭേദഗതികളിൽ ഉൾപ്പെട്ടിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട വ്യവസ്ഥകൾ മാത്രം നിലനിർത്തിക്കൊണ്ട് ഭരണഘടനയുടെ 15-ാം ഭേദഗതി ഏറെക്കുറെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ ഇടക്കാല സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസദുസ്സമാൻ കോടതിയെ അറിയിച്ചു. ബലപ്രയോഗത്തിലൂടെയോ ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെയോ ഭരണഘടനയെ റദ്ദാക്കാനോ സസ്പെൻഡ് ചെയ്യാനോ അട്ടിമറിക്കാനോ ഉള്ള ഏതൊരു ശ്രമവും ക്രിമിനൽ കുറ്റമാക്കുകയും വധശിക്ഷ നൽകുകയും ചെയ്യുന്ന ആർട്ടിക്കിൾ 7എയെ അറ്റോർണി ജനറൽ വിമർശിച്ചു. ഈ നിയന്ത്രണം ജനാധിപത്യ മാറ്റത്തെ പരിമിതപ്പെടുത്തുന്നുവെന്നും അവാമി ലീഗ് സർക്കാറിനെ താഴെയിറക്കിയ സമീപകാല ബഹുജന പ്രക്ഷോഭത്തെ അവഗണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബു സയ്യിദിനെയും മുഗ്‌ദോയെയും പോലുള്ള രക്തസാക്ഷികളുടെ ത്യാഗത്തെ ഒറ്റിക്കൊടുക്കുന്നതാണ് 15-ാം ഭേദഗതിയിലെ വ്യവസ്ഥകളെന്ന് ജൂലൈ-ആഗസ്റ്റ് ബഹുജന പ്രതിഷേധത്തിനിടെ വെടിയേറ്റു മരിച്ച രണ്ട് വിദ്യാർത്ഥികളെ പരാമർശിച്ച് അസദുസ്സമാൻ പറഞ്ഞു. കാവൽ സർക്കാർ സംവിധാനം പുനഃസ്ഥാപിക്കണമെന്നും ഭരണഘടനയിൽ ഹിതപരിശോധന ഏർപ്പെടുത്തണമെന്നും അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു. മൊത്തത്തിൽ ആ നിയമം ഇല്ലാതാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അറ്റോർണി ജനറൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഹരജിയിൽ സർക്കാറിന്റെ നിലപാട് വ്യക്തമാക്കി.
വിവേചന വിരുദ്ധ സ്റ്റുഡന്‍റ്സ് മൂവ്മെന്റിന്റെ ക്വാട്ട പരിഷ്‌കരണ കാമ്പെയ്‌നിൽനിന്ന് തുടങ്ങിയ ബഹുജന മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ അവാമി ലീഗ് ഭരണം ആഗസ്റ്റ് 5ന് താഴെയിറക്കപ്പെട്ടു. മൂന്നു ദിവസത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഇടക്കാല ഗവൺമെന്റിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റു. കഴിഞ്ഞ ഭരണത്തിലെ തന്റെ മുൻഗാമിയുടെ രാജിക്ക് ദിവസങ്ങൾക്കുശേഷമാണ് മുഹമ്മദ് അസദുസ്സമാൻ അറ്റോർണി ജനറലായി നിയമിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.