മോദിയുടെ സന്ദർശനത്തിനെതിരെ ബംഗ്ലാദേശിൽ കലാപം കനക്കുന്നു; 13 മരണം
text_fieldsധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ ബംഗ്ലാദേശിൽ തുടങ്ങിയ പ്രക്ഷോഭത്തിന് അയവില്ല. തെരുവിലിറങ്ങിയവർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ വിവിധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. വെള്ളിയാഴ്ച മോദിയുടെ സന്ദർശനത്തിനെതിരെ തെരുവിലിറങ്ങിയവരിൽ അഞ്ചുപേരെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു.
ശനിയാഴ്ച ആറുപേരെയും. മോദി സന്ദർശനം നടത്തി മടങ്ങിയിട്ടും എതിരായ പ്രക്ഷോഭം കനക്കുകയാണ്. 19ഉം 23ഉം വയസ്സുള്ള യുവാക്കളാണ് ഞായറാഴ്ച ബ്രഹ്മംബരിയ ജില്ലയിലെ പട്ടണത്തിലുണ്ടായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. 3000ത്തിലധികം പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകർ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുകയും പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ ആഹ്വാനം ചെയ്തു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വാർത്തഏജൻസിയോടു പറഞ്ഞു. ധാക്ക-ചിറ്റഗോങ് പാതയിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. ഞായറാഴ്ച രാജ്യത്ത് പ്രതിഷേധക്കാർ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾ, പ്രതിപക്ഷ കക്ഷികൾ, ഇടതുസംഘടനകൾ, മുസ്ലിം സംഘടനകൾ എന്നിവരും മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.