ബംഗ്ലാദേശിന് ശ്രീലങ്കയുടെ ഗതി വരില്ല; പണം ചെലവഴിക്കാൻ വേണ്ടി മാത്രം പദ്ധതികൾ നടപ്പാക്കാറില്ല -ശൈഖ് ഹസീന
text_fieldsധാക്ക: ശ്രീലങ്ക നേരിട്ട പോലുള്ള പ്രതിസന്ധി ബംഗ്ലാദേശിന് നേരിടേണ്ടി വരുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി ശൈഖ് ഹസീന. കോവിഡ് വ്യാപനവും യുക്രെയ്നിലെ സംഘർഷവും ഒരുമിച്ചു വന്നിട്ടും തന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുകയാണെന്ന് ശൈഖ് ഹസീന പറഞ്ഞു. തന്റെ ഭരണകൂടം ഏത് തരത്തിലുള്ള വായ്പകൾ സ്വീകരിക്കുമ്പോഴും ജാഗ്രത പുലർത്തുന്നുണ്ട്. വായ്പകൾ കൃത്യമായി തിരിച്ചടക്കുന്നുണ്ട്. സമ്പദ് ഗതിയും വികസനവും വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്. നിലവിൽ ലോകം മൊത്തം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവ ബംഗ്ലാദേശിൽ മാത്രമുള്ളവയല്ലെന്നും എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമന്ത്രി ഹസീന പറഞ്ഞു.
ലോകം മുഴുവൻ സാമ്പത്തിക പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഞങ്ങൾക്കും പ്രശ്നങ്ങളുണ്ട്. എന്നാൽ ചിലർ ബംഗ്ലാദേശ് ശ്രീലങ്കയാകും എന്നൊക്കെ പറയുന്നു. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. കാരണം എല്ലാ വികസന പദ്ധതികളും തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും, അതിൽ നിന്ന് എന്ത് തിരിച്ചുകിട്ടുമെന്നും ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും നോക്കിയിട്ടാണ്. അല്ലാതെ പണം ചെലവഴിക്കാൻ വേണ്ടി മാത്രം ഒരു പദ്ധതിയും നടപ്പാക്കാറില്ല. -ഹസീന പറഞ്ഞു.
ബംഗ്ലാദേശിൽ, സർക്കാർ ഏതെങ്കിലും പദ്ധതിക്കായി വായ്പ പരിഗണിക്കുമ്പോൾ, പദ്ധതി പൂർത്തിയാകുമ്പോൾ രാജ്യത്തിന് എന്ത് വരുമാനം ലഭിക്കുമെന്ന് കണക്കാക്കുന്നത് വ്യക്തമായ നയമാണെന്നും ഹസീന പറഞ്ഞു. വിദേശകടം വർധിച്ചതും സ്വപ്ന പദ്ധതികളിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതുമാണ് ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചക്ക് വഴിവെച്ചതെന്നാണ് വിദഗ്ധാഭിപ്രായം.
കോവിഡ് കാലത്തുൾപ്പെടെ ജനങ്ങളോട് ഭക്ഷ്യോത്പന്നങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. എത്ര കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കുന്നുവോ അത്രയും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കാനാകുമെന്നും ഹസീന വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധം രാജ്യത്തെ ബാധിച്ചിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങളെയാണ് അത് ബാധിച്ചതെന്നും ഹസീന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.