ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും
text_fieldsധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും. രാത്രി എട്ടിനായിരിക്കും സത്യപ്രതിജ്ഞയെന്ന് സൈനിക മേധാവി ജനറൽ വാഖിറുസ്സമാൻ പറഞ്ഞു. ഉപദേശക കൗൺസിലിൽ 15 അംഗങ്ങളുണ്ടാകും. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ ചുമതലയേൽക്കുന്നത്.
രണ്ടാം വിജയദിനം സാധ്യമാക്കിയ ധീര വിദ്യാർഥികളെ അഭിനന്ദിക്കുന്നതായി മുഹമ്മദ് യൂനുസ് പാരിസിൽനിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സമരത്തിന് പൂർണ പിന്തുണ നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു. വിജയത്തിന്റെ ശോഭകെടുത്തുന്ന തെറ്റുകൾ സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം സമാധാനം പാലിക്കാനും അക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.
സർക്കാറിലുള്ള വിശ്വാസം വീണ്ടെടുക്കുകയെന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇടക്കാല സർക്കാറിന്റെ കാലാവധിക്കുശേഷം അധികാരത്തിൽ തുടരാനോ ആഗ്രഹിക്കുന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും നേതൃത്വത്തിനുമുള്ള കർമപദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിസിലെ ചികിത്സക്കുശേഷം മുഹമ്മദ് യൂനുസ് വ്യാഴാഴ്ച വൈകീട്ട് ബംഗ്ലാദേശിൽ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർക്ക് പ്രത്യേക പങ്കാളിത്തമുണ്ടാകുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.