ഉപരോധം റഷ്യയെ ഞെരുക്കും
text_fieldsയു.എസ് അടക്കം ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ റഷ്യയെ ഉലക്കുമെന്ന് വിദഗ്ധർ. ഉടൻ അല്ലെങ്കിലും ദീർഘകാലയളവിൽ റഷ്യക്ക് ഇത് വൻ തിരിച്ചടിയാകുമെന്നും അവർ പറയുന്നു. 1979ൽ റഷ്യ അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയപ്പോൾ യു.എസ് ഏർപ്പെടുത്തിയ ഉപരോധം ഏറെനാൾ റഷ്യയെ സാമ്പത്തിക പരാധീനതയിലാക്കിയിരുന്നു.
2014ൽ റഷ്യ ക്രീമിയ പിടിച്ചെടുത്തപ്പോൾ നടപ്പാക്കിയ ഉപരോധം ഫലപ്രദമായിരുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെടുന്നു. തങ്ങളുടെ വരുതിയിൽ നിൽക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം യു.എസിന്റെ പ്രധാന ആയുധമാണ്. ഇറാൻ, ലിബിയ, കൊളംബിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്കെതിരെ നേരത്തേ യു.എസ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിന്റെ എതിർപക്ഷത്തു നിൽക്കുന്ന രാജ്യങ്ങൾ ഉപരോധത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു ഘട്ടത്തിൽ ഡോളറിന്റെ ആധിപത്യത്തെ മറികടക്കാൻ ശ്രമം നടത്തിയിരുന്നു.
റഷ്യയിൽ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങൾ
1. യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് തകർന്ന റഷ്യൻ ഓഹരി വിപണിയുടെ വീഴ്ച ഏറെനാൾ നിലനിൽക്കും.
2. റഷ്യൻ നാണയമായ റൂബിൾ ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകർച്ച നേരിടുന്നു.
3. സാമ്പത്തികമായി അനുകൂലമല്ലാത്ത വിപണിസാഹചര്യം എല്ലാതരം ബിസിനസുകളെയും വൻ പ്രതിസന്ധിയിലാക്കും. പുതിയ മൂലധനം, ബിസിനസ് എന്നിവ ആകർഷിക്കാൻ രാജ്യത്തിനു കഴിയില്ല.
4. റഷ്യയെ ഏറ്റവും ബാധിക്കുക യു.എസ് ഉപരോധം. യു.എസ് ഡോളറാണ് ലോകരാജ്യങ്ങളുടെ കരുതൽ ധനശേഖരം. ലോകത്തെ ബിസിനസ് ഇടപാടുകളിൽ ഭൂരിപക്ഷവും ഡോളർ വഴിയാണ്. റഷ്യയിലെ വൻകിട ബാങ്കുകൾക്കും പുടിനുമായി ബന്ധമുള്ള വൻ സമ്പന്നർക്കും ഏർപ്പെടുത്തിയ വിലക്ക് വഴി അമേരിക്കയുമായുള്ള റഷ്യൻ ബിസിനസുകാരുടെ ഇടപാടുകൾ തടസ്സപ്പെടും. യു.എസിലെ റഷ്യൻ ബിസിനസ് ആസ്തികൾ മരവിപ്പിച്ചതും തിരിച്ചടിയാകും.
5. ആഗോള സമ്പത്തിന്റെ പകുതിയിലേറെ കൈകാര്യംചെയ്യുന്ന രാജ്യങ്ങളെ അമേരിക്കൻ പക്ഷത്ത് നിലനിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ബൈഡൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് യൂറോ, പൗണ്ട്, യെൻ നാണയങ്ങളുമായുള്ള റൂബിളിന്റെ വിനിമയത്തെയും ബാധിക്കും.
6. റഷ്യൻ ബാങ്കുകൾ വഴി യു.എസ് വിപണിയിലിറങ്ങേണ്ട ഒരു ട്രില്യൺ ഡോളർ (ഏഴരലക്ഷം കോടി) ഉപരോധം വഴി തടസ്സപ്പെടുമെന്ന് കണക്കാക്കുന്നു.
7. റഷ്യയിലേക്കുള്ള സാങ്കേതിക വസ്തുക്കളുടെ കയറ്റുമതി മുടങ്ങും. റഷ്യൻ സാങ്കേതിക മേഖലക്ക് ഇത് വൻ തിരിച്ചടിയാകും.
8. ''യു.എസിനും സഖ്യരാജ്യങ്ങൾക്കും പരമാവധി പരിക്ക് കുറച്ച് വളരെ കരുതലോടെയാണ് റഷ്യക്കെതിരായ ഉപരോധം ആസൂത്രണം ചെയ്തത്. ദീർഘകാലയളവിൽ റഷ്യയിൽ ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും'' -യു.എസ് പ്രസിഡന്റ് ബൈഡൻ
9. ഉപരോധം റഷ്യയെ പിടിച്ചുലക്കാൻ ദിവസങ്ങളെടുക്കും. ചിലപ്പോൾ ഏറെനാൾ-ബ്രയാൻ ഒ ടൂൾ (2017 വരെ യു.എസ് ധനകാര്യ വിഭാഗത്തിലെ ഉപരോധ നടപടികൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ).
ഉപരോധ നടപടികളിൽ പ്രധാനപ്പെട്ടവ
1. റഷ്യൻ ബാങ്കുകൾ, കമ്പനികൾ, കയറ്റുമതി, സെമികണ്ടക്ടർ ബിസിനസ് എന്നിവക്ക് കടുത്ത നിയന്ത്രണം
2. അമേരിക്കക്കൊപ്പം 27 യൂറോപ്യൻ രാജ്യങ്ങളും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചു
3. ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവയും യു.എസിനൊപ്പം ഉപരോധമേർപ്പെടുത്തി
4. ലോകരാജ്യങ്ങൾ തമ്മിലെ പണ ഇടപാട് സംവിധാനമായ 'സ്വിഫ്റ്റി'ൽനിന്ന് യു.എസ് റഷ്യയെ ഒഴിവാക്കി
5. റഷ്യൻ സമ്പന്നരുടെ ഇടപാടുകൾക്ക് വിലക്ക്, കാനഡ 58 റഷ്യൻ വ്യക്തികൾക്ക് വിലക്കേർപ്പെടുത്തി
6. റഷ്യൻ വിമാനമായ എയറോഫ്ലോട്ടിന് ബ്രിട്ടനിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചു.
7. റഷ്യയുടെ നോഡ് സ്ട്രീം രണ്ട് വാതക പൈപ്പ് ലൈൻ പദ്ധതി ജർമനി റദ്ദാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.