ബാർബഡോസ് ഇനി പരമാധികാര രാജ്യം
text_fieldsബ്രിഡ്ജ്ടൗൺ: കരീബിയൻ രാജ്യമായ ബാർബഡോസ് കോളനിവാഴ്ചയുടെ അവസാന അവശിഷ്ടവും നീക്കി പരമാധികാര രാജ്യമായി. 1966ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയ ശേഷവും ബ്രിട്ടീഷ് രാജ്ഞിക്ക് കീഴിൽ ഭരണഘടനദത്തമായ രാജഭരണമായിരുന്നു ബാർബഡോസിലുണ്ടായിരുന്നത്.
ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചതിെൻറ 55ാം വാർഷിക ദിനമായ നവംബർ 30ന് ചൊവ്വാഴ്ചയാണ് റിപബ്ലിക് പ്രഖ്യാപനവും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയും അരങ്ങേറിയത്. ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവെൻറ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ചത്. ഔദ്യോഗിക അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷ് രാജവാഴ്ചയുടെ റോയൽ സ്റ്റാൻഡേർഡ് പതാക താഴ്ത്തുകയും മാറ്റുകയും ചെയ്തു.
1966ൽ സ്വാതന്ത്ര്യം നേടിയെങ്കിലും ബ്രിട്ടീഷ് രാജ്ഞിയായിരുന്നു ആലങ്കാരികമായി രാജ്യത്തിെൻറ ഭരണാധികാരി. രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ ഗവർണർ ജനറലാണ് ഉണ്ടായിരുന്നത്. രാഷ്ട്രത്തലവെൻറ സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്യുമെന്ന് 2020 സെപ്റ്റംബർ 15ന് ബാർബഡോസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
2018 മുതൽ ഗവർണർ ജനറലായിരുന്ന സാൻഡ്ര മേസണെ ആദ്യ പ്രസിഡൻറായി ഈ വർഷം ഒക്ടോബർ 12ന് പ്രധാനമന്ത്രി മിയ മൊട്ട്ലിയും പ്രതിപക്ഷ നേതാവ് ജോസഫ് ആതർലിയും ഐകകണ്േഠ്യന നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ രാജ്യത്തിെൻറ ആദ്യ പ്രസിഡൻറായി സാൻഡ്ര മേസൺ ചുമതലയേറ്റു. പരമാധികാര റിപബ്ലിക് പ്രഖ്യാപനത്തെ ആഘോഷത്തോടെയാണ് ബാർബഡോസ് ജനത വരവേറ്റത്.
രാജ്യത്ത് കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ ഒഴിവാക്കി ജനങ്ങൾക്ക് ആഘോഷിക്കാൻ സർക്കാർ അവസരമൊരുക്കിയിരുന്നു. ബാർബഡോസുകാരിയായ ലോകപ്രശസ്ത പോപ് ഗായിക റിഹാനയെ ദേശീയ ഹീറോയായി ചടങ്ങിൽ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജ്ഞി നിലവിൽ യു.കെക്ക് പുറമെ ആസ്ട്രേലിയ, കാനഡ, ജമൈക ഉൾപ്പെടെ 15 രാജ്യങ്ങളുടെ രാജ്ഞിയാണ്. 1992ൽ മൗറീഷ്യസാണ് അവസാനമായി രാജ്ഞിയെ പദവിയിൽനിന്ന് നീക്കിയ രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.