ഫോർബ്‌സിന്റെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ബാർബി ഡോളും
text_fieldsവാഷിങ്ടൺ: ഫോർബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ബാർബി പാവയും. 64 വർഷം പ്രായമുള്ള ബാർബി ഡോൾ പട്ടികയിൽ 100-ാം സ്ഥാനത്താണുള്ളത്.
ഒരു പാവയ്ക്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ ഇത്ര വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നത് എങ്ങനെയെന്നത് പലർക്കും ആശ്ചര്യകരമാണ്. എന്നാൽ, 2023ൽ ബാർബി ഒരു പാവ എന്നതിലുപരി സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി മാറിയെന്നാണ് ഫോർബ്‌സ് വിലയിരുത്തുന്നത്. ബാർബി എന്ന ചിത്രം സംവധാനം ചെയ്ത ഗ്രെറ്റ ഗെർവിഡിന് ഫോർബ്‌സ് നന്ദി പറഞ്ഞു.
ഇരുകൈയും നീട്ടിയാണ് ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ 140 കോടി ഡോളർ സമ്പാദിച്ച ചിത്രം ഗ്രെറ്റ ഗെർവിഡിനെ സംവിധായിക എന്ന നിലയിൽ 100 കോടി ഡോളറിലധികം വരുമാനം നേടുന്ന ആദ്യ വനിതയാക്കിമാറ്റി.
1959-ൽ റൂത്ത് ഹാൻഡ്‌ലറാണ് ബാർബിയെ സൃഷ്ടിച്ചത്. ഒരു സ്ത്രീക്ക് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തന്റെ മകളെ മനസിലാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ബാർബിയെ നിർമിച്ചത്.
പെൺകുട്ടികളുടെ മനസ്സ് രൂപപ്പെടുത്തുന്നതിൽ ബാർബി നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഉപഭോക്തൃ സ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറായ കോളിൻ കിർക്ക് പറയുന്നു. ബാർബിക്ക് നമ്മുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നത് ശരിയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ പാവയിൽ തങ്ങളെ കണ്ടെത്താനാവുമെന്നും കോളിൻ കിർക്ക് പറയുന്നു.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും അഞ്ചു ദശലക്ഷവും യൂട്യൂബിൽ 12 ദശലക്ഷവും ഫോളോവേഴ്സുമായി ബാർബി ആധിപത്യം തുടരുകയാണ്. നിഷേധിക്കാനാവാത്ത സ്വാധീനമാണ് ബാർബി സമൂഹത്തിൽ സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.