'സ്കോളിയോസിസ്' ബാധിച്ച പാവയെ അവതരിപ്പിച്ച് ബാർബി നിർമാതാക്കൾ
text_fieldsഎല്ലാവരെയും ഉൾക്കൊള്ളൽ നയത്തിന്‍റെ ഭാഗമായി 'സ്കോളിയോസിസ്' രോഗാവസ്ഥയിലുള്ള പാവയെ അവതരിപ്പിച്ച് ബാർബി പാവയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മാട്ടേൽ. നട്ടെല്ലിന് അസ്വാഭാവിക വളവുണ്ടാകുന്ന അവസ്ഥയാണ് സ്കോളിയോസിസ്. കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണിത്. ഈ അവസ്ഥയിൽ ഉപയോഗിക്കുന്ന ബെൽറ്റ് (സ്പൈനൽ ബ്രേസ്) അണിഞ്ഞുള്ള പാവയെയാണ് കമ്പനി പുറത്തിറക്കിയത്. ഈ ഉപകരണത്തിന് കൂടുതൽ പ്രചാരം നൽകാനും ബോധവത്കരണത്തിനും കുട്ടികളിൽ അപകർഷതാബോധം ഒഴിവാക്കാനുമായാണ് പാവയെ അവതരിപ്പിച്ചതെന്ന് നിർമാതാക്കൾ പറയുന്നു.
ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കൂടിയാണ് പാവയെ നിർമിച്ചിട്ടുള്ളത്. ബാർബി പാവയുടെ സഹോദരിയായ ചെൽസിയ പാവയെയാണ് സ്കോളിയോസിസിനുള്ള ബെൽറ്റ് ധരിപ്പിച്ചത്.
എന്താണ് സ്‌കോളിയോസിസ് ?
നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. ഇതുമൂലം ഒരു വശത്തേക്കുള്ള വാരിയെല്ലുകൾ പുറത്തേക്ക് തള്ളിവരികയും തന്മൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനിൽക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതൽ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്റെ വളവ് കൂടിവരികയും കുനിയുമ്പോൾ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതൽ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്‌കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോൾവശം പൊങ്ങിനിൽക്കാം. കൂടാതെ ഒരു വശത്തെ ഇടുപ്പെല്ല് പൊങ്ങിനിൽക്കാം. ചെറിയ വളവുകൾക്ക് നട്ടെല്ലിനുള്ള ബെൽറ്റുകൾ (സ്‌പൈനൽ ബ്രേസ്) ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കേണ്ടി വരും. ചിലരിൽ ശസ്ത്രക്രിയയും ആവശ്യമായി വരും. സ്‌കോളിയോസിസ് കണ്ടുപിടിച്ചു കഴിഞ്ഞാൽ ഒരു വിദഗ്ധ സ്‌പൈൻ സർജന്റെ കീഴിൽ ചികിത്സ തേടുന്നതാണ് അഭികാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.