റഷ്യയുടെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷന്
text_fieldsന്യൂഡൽഹി /കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവയ്ക്ക് റഷ്യൻ ഗവൺമെൻറ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി നൽകി ആദരിച്ചു. ഇൻഡോ-റഷ്യൻ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ആത്മീയ ബന്ധങ്ങൾ വളർത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പുരസ്ക്കരിച്ചാണ് അവാർഡ് നൽകിയത്. റഷ്യൻ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ആത്മീയ നേതാവാണ് കാതോലിക്കാ ബാവാ. വ്യാഴാഴ്ച തലസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ പുരസ്കാരം കൈമാറി.
ആത്മീയ ബന്ധങ്ങൾ വളർത്തുന്നതിനും റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും വർധിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തത്. റഷ്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുടിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് അവാർഡ് സമർപിച്ചു. ഈ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
2021 ഒക്ടോബർ 15 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായായും ചുമതലയേറ്റ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവാ ഇന്ത്യയിലെ ഏറ്റവും പുരാതന സഭയായ മലങ്കര ഓർത്തഡോക്സ് സഭ യുടെ പരമാധ്യക്ഷനാണ്. എ.ഡി. 52 ൽ ഇന്ത്യയുടെ തെക്കൻ തീരത്ത് എത്തിയ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ സെന്റ് തോമസ് ആണ് മലങ്കര സഭ സ്ഥാപിച്ചത്. സെന്റ് തോമസിന്റെ അപ്പോസ്തോലിക സിംഹാസനത്തിലെ 92-ാമത്തെ പരമാധ്യക്ഷ്യനാണ് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രീതീയൻ ബാവാ.
1949 ഫെബ്രുവരി 12ന് ജനിച്ച ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി കെമിസ്ട്രിയും കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ജി.എസ്.ടിയും സെറാംപൂർ സർവകലാശാലയിൽ നിന്ന് ബി.ഡി ബിരുദവും നേടി. 1977 മുതൽ 1979 വരെ
അദ്ദേഹം റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയിൽ ദൈവശാസ്ത്രത്തിൽ ഉന്നത പഠനം നടത്തി. എം.ടി.എച്ച് ബിരുദത്തിനായി അദ്ദേഹം റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു, പിന്നീട് അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി നേടി. പാവപ്പെട്ടവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന കാതോലിക്കാ ബാവാ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
പ്രതീക്ഷാ ഭവൻ, പ്രശാന്തി ഭവൻ, പ്രത്യാശാ ഭവൻ, പ്രാണം സെന്റർ, പ്രമോദം പ്രോജക്ട്, പ്രസന്നം ഭവൻ, പ്രകാശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷ്യൽ എജുക്കേഷൻ, പ്രതിഭ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ചാരിറ്റബിൾ പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്നു. 2021 ഒക്ടോബർ 15ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റപ്പോൾ മുതൽ റഷ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയും തമ്മിലുള്ള സൗഹൃദ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ സംഭാവനകളെ മാനിച്ച് ഈ വർഷം ഏപ്രിലിൽ മോസ്കോയിലെ റഷ്യൻ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ കിറിൾ ബാവാ അദ്ദേഹത്തിന് ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ നൽകി ആദരിച്ചിരുന്നു.
2023 സെപ്റ്റംബറിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവാ മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും സന്ദർശിക്കുകയും ദൈവശാസ്ത്ര, അക്കാദമിക്, ചാരിറ്റബിൾ മേഖലകളിൽ രണ്ട് സഭകൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് പാത്രിയർക്കീസ് കിറിൾ ബാവായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.