Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപിയേഴ്സ് മോർഗന്റെ...

പിയേഴ്സ് മോർഗന്റെ പൊള്ളത്തരങ്ങളെ ബാസിമും ഹിജാബുമൊക്കെ പൊളിച്ചടുക്കുമ്പോൾ...

text_fields
bookmark_border
Piers Morgan Uncensored
cancel

ബ്രിട്ടനിലെ പ്രമുഖ മാധ്യമപ്രവർത്തകരിലൊരാളാണ് പിയേഴ്സ് മോർഗൻ. അദ്ദേഹത്തിന്‍റെ പ്രതിദിന ടെലിവിഷൻ ടോക് ഷോ ആയ ‘പിയേഴ്സ് മോർഗൻ അൺസെൻസേഡ്’ അതിന്‍റെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയവുമാണ്. തീവ്രവലതുപക്ഷ നിലപാടുകളുള്ള മോർഗന്‍റെ ചർച്ചകളെല്ലാം അത്തരം പൊതുവികാരത്തെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഇത്തവണത്തെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം ഇരുപക്ഷത്തെയും വാദങ്ങൾ അവതരിപ്പിക്കുന്ന നിരവധി പേർ ടോക് ഷോയിൽ എത്തി. തന്‍റെ തീവ്രനിലപാടുകൾ അങ്ങനെ തന്നെ പ്രകടിപ്പിക്കാൻ മടിക്കാത്ത മോർഗൻ, ഇസ്രയേലി പക്ഷം പറയുന്നവരോട് അനുഭാവ പൂർവവും എതിർവാദം ഉന്നയിക്കുന്നവരോട് കർക്കശമായും ഇടപെടുന്നു.

പക്ഷേ, ഏതാനും ദിവസങ്ങളായി മോർഗന് അത്ര നല്ല കാലമല്ല. അറബ്, ഫലസ്തീൻ വശം പറയാനെത്തിയവരുടെ കടുത്ത വിമർശനത്തിലും ന്യായവാദങ്ങളിലും പലപ്പോഴും മോർഗന് അടിതെറ്റി. ചർച്ചകൾ രൂക്ഷമായ വാഗ്വാദങ്ങളിലേക്ക് വഴിമാറി. പിടിച്ചുനിൽക്കാൻ കഴിയാതെ വന്ന ഘട്ടങ്ങളിൽ തന്‍റെ മുൻ പ്രസ്താവനകൾ വരെ നിഷേധിച്ചുകൊണ്ട് കളവ് പറയുന്നതിലേക്ക് വരെ മോർഗൻ തരംതാഴ്ന്നു. സോഷ്യൽ മീഡിയയിൽ പരിഹാസപാത്രമായപ്പോൾ നിരർഥകമായ വാദങ്ങളുമായി അദ്ദേഹം ട്വിറ്ററിൽ ആഞ്ഞടിക്കുകയാണ്.

തന്നെ മലർത്തിയടിച്ചുപോയ അതിഥികളെ അടുത്തൊരു റൗണ്ടിന്കൂടി അദ്ദേഹം വെല്ലുവിളിക്കുന്നു. വാദങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടുന്നവരെ ബ്ലോക്ക് ചെയ്യുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട മോർഗന്‍റെ മാധ്യമപ്രവർത്തന കരിയറിലെ ഏറ്റവും ദയനീയമായ കാലമാണിതെന്ന് അക്കാദമികമായി പറയാമെങ്കിലും അദ്ദേഹത്തിന്‍റെ കച്ചവടം പൊടിപൊടിക്കുകയാണ്. പിയേഴ്സ് മോർഗനെ അതിഥികൾ മലർത്തിയടിക്കുന്ന വീഡിയോകൾ സർവകാല റെക്കോഡുകൾ ഭേദിച്ചു മുന്നേറുന്നു.

വാക്കുകളുടെ രാഷ്ട്രീയം മോർഗനെ പഠിപ്പിച്ച് ഹിജാബ്

പ്രശസ്ത ബ്രിട്ടീഷ് യുട്യൂബറും താർക്കികനുമായ മുഹമ്മദ് ഹിജാബുമായുള്ള മോർഗന്‍റെ ചർച്ചയാണ് ഈ സീസണിൽ ആദ്യം ശ്രദ്ധനേടിയത്. ഹിജാബിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനിടെ ‘controversial pro palestine influencer’ എന്നൊരുവാക്ക് മോർഗൻ ഉപയോഗിച്ചിരുന്നു. അതിൽ തന്നെ ഹിജാബ് പിടിച്ചു. എന്തുകൊണ്ടാണ് തന്നെ അങ്ങനെ വിശേഷിപ്പിച്ചതെന്നായിരുന്നു ഹിജാബിന്‍റെ ചോദ്യം. കുടുങ്ങാൻ പോകുകയാണെന്ന് തിരിച്ചറിഞ്ഞ മോർഗൻ ഞാനത് തിരുത്തുന്നുവെന്നും ‘pro palestine influencer’ എന്നുമാത്രം പറയുന്നുവെന്നും വിശദീകരിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ‘controversial’ എന്ന വാക്ക് വരുന്നതെന്ന് ഹിജാബിന് അറിയണം. നിവൃത്തിയില്ലാതെ മോർഗൻ വിശദീകരിക്കുന്നു: i Think you are controversial. തർക്കം മുറുകി. എന്തുകൊണ്ട് നിങ്ങളെന്നെ ഓക്സ്ഫോഡ് ഗ്രാജ്വേറ്റ് എന്ന് പരിചയപ്പെടുത്തിയില്ലെന്നായി ഹിജാബ്. നിങ്ങൾക്ക് അങ്ങനെ പറയണമെന്നാണെങ്കിൽ ശരിയെന്ന് പറഞ്ഞ് മോർഗൻ കീഴടങ്ങി. വാക്കുകളുടെ രാഷ്ട്രീയം എന്താണെന്ന് പിയേഴ്സ് മോർഗനെ പോലെ തലപ്പൊക്കമുള്ള ജേണലിസ്റ്റിനെ 30 കാരൻ ഹിജാബ് പഠിപ്പിച്ചു.

ചർച്ചയുടെ ഗതിയെന്താകുമെന്ന് അതോടെ വ്യക്തമായി. സംഘർഷത്തിൽ ഇരുഭാഗത്തുനിന്നുമുള്ള വാദങ്ങളുമായി ഇരുവരും മുന്നേറി. ഇടക്ക് വാർത്തകളുടെ സോഴ്സിനെയും ആധികാരികതയെയും കുറിച്ച് പരാമർശം നടത്തിയത് മോർഗനെ പ്രകോപിപ്പിക്കുകയും ചെയ്തു. പത്രങ്ങൾ പ്രസിദ്ധീകരിച്ച ചില വിവാദ ചിത്രങ്ങൾ ബ്രിട്ടീഷ് ജേണലിസ്റ്റുകൾ വെരിഫൈ ചെയ്തതാണെന്ന് മോർഗൻ പറഞ്ഞേപ്പാൾ ബ്രിട്ടീഷ് േജണലിസ്റ്റ് എന്നാൽ ഒരു അതോറിറ്റി അല്ലെന്നായിരുന്നു ഹിജാബിന്‍റെ മറുപടി.

ഐ.ഡി.എഫിന്‍റെ ആക്രമണങ്ങളെ മോർഗൻ അപലപിക്കുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ ഹിജാബ് പ്രതിരോധത്തിലാക്കി. ‘നിങ്ങളെന്തിനാണ് വിക്കുന്ന’തെന്ന് ഹിജാബ് ചോദിച്ചേപ്പാൾ ‘ഞാൻ വിക്കുന്നില്ല’ എന്ന് മോർഗൻ പറഞ്ഞതോടെ ആരാണ് മേൽക്കൈ നേടിയതെന്നും വ്യക്തമായി.


മോർഗനെ മലർത്തിയടിച്ച് ഹുസം സുംലതും

ബ്രിട്ടനിലെ ഫലസ്തീന്‍റ അംബാസഡർ ഹുസം സുംലതുമായുള്ള ടോക് ഷോയും മോർഗന് സുഖകരമായില്ല. ഗസ്സയിലെ ആശുപത്രി ആക്രമിച്ചത് ഇസ്രയേൽ അല്ല എന്ന് ജോ ബൈഡൻ പറഞ്ഞതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യങ്ങളിെലാന്ന്. മരിച്ച ഫലസ്തീനികളുടെ ഓർമക്ക് മുന്നിൽ ഒരുനിമിഷം ഞാനൊന്ന് നിശബ്ദനായിക്കോട്ടെ എന്ന് ചോദിച്ചാണ് സുംലത് തുടങ്ങിയത്. അമേരിക്ക പറഞ്ഞത് ശരിയല്ലെന്ന് സുംലത് വ്യക്തമാക്കി. ‘അമേരിക്കൻ പ്രസിഡന്‍റ് കള്ളം പറഞ്ഞുവെന്ന് പറയുകയാണോ’ എന്ന കനമേറിയ ചോദ്യമായിരുന്നു മോർഗൻ പിന്നാലെ തൊടുത്തത്. ‘അതെ. അദ്ദേഹം കള്ളം പറഞ്ഞു’ എന്ന് സുംലതിന്‍റെ ഉറച്ച ശബ്ദത്തിലുള്ള മറുപടി.

സുംലത് തുടർന്നു: ‘നിങ്ങളുടെ ഇതേ ഷോയിൽ ഇതേ സീറ്റിൽ വന്നിരുന്നല്ലേ ഇസ്രയേൽ അംബസാഡർ തെക്കൻ ഗാസ സുരക്ഷിതമാണെന്നും ആൾക്കാർ അവിടേക്ക് മാറണമെന്നും പറഞ്ഞത്. നിങ്ങൾ അവരെ ചോദ്യം ചെയ്തോ. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ എത്ര പേർ തെക്കൻ ഗാസയിൽ മരിച്ചുവെന്ന് നിങ്ങൾക്കറിയില്ലേ. എന്നെ നിങ്ങൾ ട്വിറ്റർ ഫോളോ ചെയ്യുന്നുണ്ടല്ലോ. എന്‍റെ ബന്ധുക്കളും അവരുടെ കുട്ടികളും മരിച്ചത് നിങ്ങൾ അതിൽ കണ്ടില്ലേ. എന്നിട്ടും നിങ്ങൾ അംബാസഡറിനോട് ചോദിച്ചില്ലല്ലോ’? സുംലതിന്‍റെ ചോദ്യങ്ങൾ അതിരുകടന്നപ്പോൾ ഒരുഘട്ടത്തിൽ നിങ്ങൾ എന്നെയല്ല ഇൻർവ്യൂ ചെയ്യുന്നതെന്ന് വരെ മോർഗന് പറയേണ്ടിവന്നു.

മോർഗനെ വെള്ളം കുടിപ്പിച്ച് ബാസിം യൂസുഫ്

അതിന് മുമ്പ് നടന്ന സകല ഷോകളെയും അപ്രസക്തമാക്കുന്നതായിരുന്നു ഈജിപ്ഷ്യൻ ടി.വി താരവും സറ്റയറിസ്റ്റുമായ ബാസിം യൂസുഫുമായുള്ള അഭിമുഖം. അക്ഷരാർഥത്തിൽ ബാസിം മോർഗനെ വെള്ളം കുടിപ്പിച്ചു. ഒരുഘട്ടത്തിൽ ഇസ്രയേലിനെ മോർഗൻ ഐ.എസിനോട് ഉപമിച്ചുവെന്ന മട്ടിൽ ബാസിം വ്യാഖ്യാനിച്ചേതാടെ മോർഗൻ ആകെ പെട്ടു. 40 കുട്ടികളെ കഴുത്തറുത്തുകൊന്നുവെന്ന മട്ടിൽ മോർഗനും സംസാരിച്ചുവെന്ന് ബാസിം പറഞ്ഞതിനെ മോർഗൻ നിഷേധിച്ചു. ഒരുതരത്തിലും അത് സമ്മതിക്കാൻ മോർഗൻ തയാറായില്ല. കുറച്ചുനേരം തർക്കിച്ച ബാസിം പിന്നീടത് വിട്ടു. പക്ഷേ, ചർച്ച യുട്യൂബിൽ വന്നതിന് പിന്നാലെ മോർഗൻ അങ്ങനെ പറയുന്നതിന്‍റെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. എന്നിട്ടും വിട്ടുകൊടുക്കാതെ മോർഗൻ വിതണ്ഡ വാദങ്ങളുമായി മുന്നോട്ടുപോയി.

ബാസിം മോർഗനുണ്ടാക്കിയ ആഘാതം എന്തെന്ന് നേരിൽ കണ്ടു തന്നെ അറിയണം. ചർച്ച കഴിഞ്ഞ് ഇരുവരും സ്റ്റുഡിയോയിൽ നിന്ന് പോയിട്ടും അതിന്‍റെ അലയൊലികൾ അടങ്ങിയില്ല. ഇരുവരും തമ്മിലും പ്രേക്ഷകർ തമ്മിലും മല്ലയുദ്ധം ട്വിറ്ററിൽ തുടർന്നു. രണ്ടാം റൗണ്ടിൽ ഒന്നുകൂടി ഇരിക്കാമെന്ന് മോർഗൻ ബാസിമിനോട് ട്വിറ്ററിൽ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് അയക്കൂ എന്നായി ബാസിം. ‘ഉറപ്പായും’ എന്ന് മോർഗനും പ്രതികരിച്ചതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld NewsPiers MorganBassem YoussefPiers Morgan Uncensored
News Summary - Bassem Youssef ‘schools’ Piers Morgan on Palestine; comedian's sarcastic rant goes viral
Next Story