അവതാരകയുടെ ‘കൈയ്യബദ്ധം’; ബോറിസ് ജോൺസണുമായുള്ള അഭിമുഖം റദ്ദാക്കി ബി.ബി.സി
text_fieldsലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി നിശ്ചയിച്ച പ്രൈം ടൈം അഭിമുഖം ബി.ബി.സി റദ്ദാക്കി. ബി.ബി.സിയുടെ ഏറ്റവും പ്രഗൽഭയായ അവതാരകരിലൊരാളാൾ ചോദ്യങ്ങൾക്കായി തയാറാക്കിയ കുറിപ്പുകൾ അബദ്ധവശാൽ അദ്ദേഹത്തിന് അയച്ചതാണ് കാരണം.
ബി.ബി.സിയുടെ മുൻ പൊളിറ്റിക്കൽ എഡിറ്ററും നിലവിൽ ഞായറാഴ്ച രാവിലെയുള്ള പ്രധാന വാർത്താ പരിപാടിയുടെ അവതാരകയുമായ ലോറ ക്യൂൻസ്ബെർഗിനാണ് അബദ്ധം പിണഞ്ഞത്. തന്‍റെ ടീമിനെ ഉദ്ദേശിച്ച് അയച്ച കുറിപ്പുകൾ തെറ്റായി ജോൺസണിന് പോവുകയായിരുന്നുവെന്നും അതിന്റെ ഭാഗമായി അഭിമുഖം റദ്ദാക്കേണ്ടിവന്നുവെന്നും അവർ പറഞ്ഞു. ‘ഇത് വളരെ നാണക്കേടും നിരാശാജനകവുമാണെന്ന് സമ്മതിക്കുകയല്ലാതെ മറ്റൊന്നും നടിക്കുന്നതിൽ അർത്ഥമില്ല. ധാരാളം പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നുവെന്നും ക്യൂൻസ്ബെർഗ് ‘എക്‌സി’ൽ പറഞ്ഞു. സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്നും അവർ കൂട്ടിച്ചേർത്തു.
പൊതു ഉടമസ്ഥതയിലുള്ള ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ബി.ബി.സി രാഷ്ട്രീയക്കാരെ എങ്ങനെ സമീപിക്കുന്നു എന്നത് വലിയ പരിശോധനക്ക് വിധേയമാക്കപ്പെടാറുണ്ട്. ബി.ബി.സിയുടെ പ്രമുഖ രാഷ്ട്രീയാവതാരകർ ഒരു കക്ഷിയെ മറ്റൊന്നിനേക്കാൾ അനുകൂലിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ആരോപിക്കാറുമുണ്ട്. അതിനിടയിൽ ആണ് ഈ വീഴ്ച.
ഈ അബദ്ധം അഭിമുഖം ‘അസാധുവാക്കാൻ’ ഇടയാക്കിയെന്നും ബി.ബി.സിയും ജോൺസന്റെ സംഘവും അത് റദ്ദാക്കാൻ സമ്മതിച്ചതായും ബി.ബിസി.വക്താവ് പറഞ്ഞു. അഭിമുഖം വ്യാഴാഴ്ച വൈകുന്നേരം സംപ്രേക്ഷണം ചെയ്യാനിരിക്കുകയായിരുന്നു. ജോൺസന്റെ ഭരണകാലത്തെ ഓർമകൾകൂടി ഉൾക്കൊള്ളിക്കുന്ന ആദ്യത്തെ പ്രധാന ടി.വി അഭിമുഖമെന്ന് പരസ്യവും നൽകിയിരുന്നു. കോവിഡ് മഹാമാരിയെ തന്‍റെ സർക്കാർ കൈകാര്യം ചെയ്തതിനെക്കുറിച്ചും തന്‍റെ പ്രധാനമന്ത്രി പദവി അവസാനിക്കാൻ കാരണമായ ‘ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടികളെ’ക്കുറിച്ചും ജോൺസൺ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
2019 മുതൽ 2022 വരെ പ്രധാനമന്ത്രിയായിരുന്ന ജോൺസന്റെ ഓർമക്കുറിപ്പുകൾ ഈ മാസം 10ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.