ആശങ്കയായി ചൈനയിലെ കുട്ടികളിലെ ശ്വാസകോശ രോഗബാധ; ആശുപത്രികളിൽ വൻ തിരക്ക്
text_fieldsബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് ചൈന കടക്കുന്നതിനിടെയാണ് ആശങ്കയായി കുട്ടികളിലെ രോഗബാധ.
ചൈനയിൽ ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. പല ആശുപത്രികളിലും രോഗികളുടെ നീണ്ടനിരയാണ് ഉള്ളത്.ബീജിങ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രതിദിനം 7000 പേർ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയിൽ 13,000 പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
അടുത്ത രണ്ട് ദിവസത്തേക്ക് ശിശുരോഗ വിദഗ്ധനെ കാണാനുള്ള അപ്പോയിൻമെന്റ് നൽകാനാവില്ലെന്ന് ബീജിങ്ങിലെ ഫ്രണ്ട്ഷിപ്പ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെയാണ് ആശുപത്രി അപ്പോയിൻമെന്റ് നൽകുന്നത് നിർത്തിവെച്ചത്.
അതേസമയം, ബീജിങ്ങിലേയും മറ്റ് വടക്കൻ ചൈനീസ് നഗരങ്ങളിലേയും ആരോഗ്യപ്രവർത്തകർ അറിയിക്കുന്നത് ഇത് കേവലം ശ്വാസകോശ രോഗം മാത്രമാണെന്നാണ്. എന്നാൽ കുട്ടികളിൽ ശ്വാസകോശം രോഗം വർധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയതോടെ ആശങ്ക വർധിച്ചിരുന്നു.
ഇക്കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നും സാധാരണ കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയ രോഗബാധ മാത്രമാണിതെന്നുമാണ് ചൈനയുടെ വിശദീകരണം. പക്ഷേ, ആശുപത്രികളിൽ ശിശുരോഗ വിദഗ്ധന്റെ അപ്പോയിന്റ് ലഭിക്കാത്തത് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വ്യാപക പരാതികളുമായി രക്ഷിതാക്കൾ രംഗത്തെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.