ബെയ്ജിങ്ങിൽ കോവിഡ് കേസുകൾ വർധിച്ചു; രോഗം പകർന്നത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്ന്
text_fieldsബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക്. ചൈനീസ് നഗരമായ ഷാങ്ഹായിയിൽ ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോൾ ബെയ്ജിങ്ങിലെ പലയിടങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറിയിരിക്കയാണ്. വിലകുറഞ്ഞ മദ്യം കിട്ടുന്ന ബെയ്ജിങ്ങിലെ മദ്യശാലയാണ് കോവിഡിന്റെ ക്ലസ്റ്ററുകളിലൊന്ന്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെവൻ സൂപ്പർമാർക്കറ്റ് ബാറിൽ കനത്ത തിരക്കാണ് അനുഭവപ്പെടാറുള്ളത്. ശക്തമായ കോവിഡ് നിയന്ത്രണങ്ങൾക്കിടെ കഴിഞ്ഞാഴ്ചയാണ് ഈ മദ്യശാല വീണ്ടും തുറന്നത്. പുതുതായി 200 കോവിഡ് കേസുകളാണ് ബെയ്ജിങ്ങിൽ റിപ്പോർട്ട് ചെയ്തത്.
രോഗബാധിതനായ ആൾ മദ്യശാലയിലെത്തിയതാണ് ഒറ്റയടിക്ക് 200 ഓളം ആളുകൾക്ക് കോവിഡ് പകരാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം. ഇനിയൊരുത്തരവു വരുന്നതു വരെ മദ്യശാല അടച്ചിടാൻ നിർദേശം നൽകിയിരിക്കയാണ്. ബെയ്ജിങ്ങിലെ ചില ജില്ലകളിൽ സ്കൂളുകൾ അടച്ചു.
ഉയർന്ന ക്ലാസുകളിലൊഴികെ പഠനം ഓൺലൈൻ വഴിയാക്കി. സ്പോർട്സ് പരിപാടികളും മറ്റും നിർത്തലാക്കി. ഈ ജില്ലകളിൽ കൂട്ടമായി ആളുകളിൽ കോവിഡ് പരിശോധനയും നടത്തി. രാജ്യത്തെ വ്യവസായ തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം കടുത്ത കോവിഡ് നിയന്ത്രണങ്ങളിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.