ആണവായുധം സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ബെലറൂസ്; ചർച്ചക്കിടയിലും ഭീതി നിറയുന്നു
text_fieldsയുക്രെയിനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുന്നതിനിടെ നിർണായകമായ ഭരണഘടന ഭേദഗതിയുമായി അയൽ രാജ്യമായ ബെലറൂസ്. ആണവായുധങ്ങൾ രാജ്യത്ത് സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബെലറൂസ് തിരക്കിട്ട് പാസാക്കിയത്. യുക്രെയിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബെലറൂസിന്റെ നീക്കം.
ബെലറൂസിലൂടെ റഷ്യൻ സേന യുക്രെയിനിലേക്ക് പ്രവേശിക്കുന്നുണ്ട്. യുക്രെയിനെ ആക്രമിക്കാൻ ബെലറൂസിന്റെ മണ്ണ് റഷ്യ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ നിഴൽ പോലെ പ്രവർത്തിക്കുന്ന ബെലറൂസ് ആണവ ആയുധങ്ങൾ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതി പാസാക്കിയത് മേഖലയിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്.
ബെലാറൂസ് അതിർത്തിയിൽനിന്നുള്ള മിസൈൽ പരിധിയിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവും ഉൾപ്പെടും. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും റഷ്യൻ പ്രസിഡന്റ് പുടിൻ നിർദേശം നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. യുക്രെയ്നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. അതേസമയം, ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ റഷ്യൻ–യുക്രെയ്ൻ പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ട്.
ബെലറൂസിൽ റഷ്യൻ ആണവായുധങ്ങൾ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതിക്ക് ഹിത പരിശോധനയിൽ 70 ശതമാനത്തോളം വോട്ട് ലഭിച്ചുവെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണഘടന ഭേദഗതിക്ക് 50 ശതമാനത്തിലധികം വോട്ടാണ് വേണ്ടത്. ബെലറൂസിൽ 1994 മുതൽ അധികാരത്തിൽ തുടരുന്ന അലക്സാണ്ടർ ലുകാഷെങ്കോക്ക് 2036 വരെ തുടരാനുള്ള ഭരണഘടനാ ഭേദഗതിയും ഇതോടൊപ്പാ പാസാക്കിയിട്ടുണ്ട്.
അതേസമയം, യുക്രെയിൻ ആക്രമണത്തിനും ഭരണഘടനാ ഭേദഗതിക്കും എതിരായി ബെലറൂസിൽ പ്രതിഷേധം കനക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുക്രെയിൻ പതാകകളുമായി തെരുവിലറങ്ങിയ 500 ഒാളം ആളുകളെ ബെലറൂസ് തടവിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.