പുരോഹിതരുടെ ലൈംഗിക പീഡനം: മാർപാപ്പ പറഞ്ഞാൽ പോര, നടപടി വേണം –ബെൽജിയം പ്രധാനമന്ത്രി
text_fieldsബ്രസൽസ്: ഫ്രാൻസിസ് മാർപാപ്പയെ വേദിയിലിരുത്തി കത്തോലിക്ക സഭക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ. കുട്ടികളോടുള്ള പുരോഹിതരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെ പറഞ്ഞാൽ പോരെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെൽജിയത്തിലെ ലീക്കൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു വിമർശനം.
ഇരകളെ കേൾക്കാൻ തയാറാകണം. സത്യം പുറത്തുവരണം. കുറ്റം അംഗീകരിക്കണം. നീതി യാഥാർഥ്യമാക്കുകയും വേണമെന്നും ഡി ക്രൂ പറഞ്ഞു. കത്തോലിക്ക സഭക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സന്നിഹിതനായിരുന്ന ബെൽജിയം രാജാവ് ഫിലിപ്പും സഭക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഇരകൾക്ക് ആശ്വാസം നൽകുന്ന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവങ്ങളിൽ സഭ ലജ്ജിക്കുകയും ക്ഷമ ചോദിക്കുകയും വേണമെന്ന് ചടങ്ങിൽ മാർപാപ്പ മറുപടി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡന സംഭവങ്ങളിൽ സഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി രാഷ്ട്രീയ നേതാക്കൾ മാർപാപ്പയുടെ സ്വീകരണ ചടങ്ങ് ബഹിഷ്‍കരിച്ചു. കഴിഞ്ഞ വർഷം ഡോക്യുമെന്ററിയിലൂടെയാണ് ബെൽജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡന സംഭവങ്ങൾ പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.