365 ദിവസവും മാരത്തോൺ ഓട്ടം; 15,444 കി.മീ ഓടി റെക്കോഡിട്ട് ബെൽജിയംകാരി
text_fieldsബ്രസ്സൽസ്: വർഷത്തിൽ എല്ലാ ദിവസവും മാരത്തൺ ഓട്ടം നടത്തി 15,444 കി.മീ പിന്നിട്ട് റെക്കോഡിട്ട് ബെൽജിയം സ്വദേശിയായ 55കാരി. 2024 ജനുവരി ഒന്നിന് തുടങ്ങിയ ഓട്ടം ഡിസംബർ 31ന് പൂർത്തിയാക്കിയപ്പോൾ വർഷത്തിലെ എല്ലാ ദിവസവും മാരത്തൺ പൂർത്തിയാക്കിയ ആദ്യ സ്ത്രീയായി ഹിൽദെ ദൊസോഞ്ച്. സ്തനാർബുദ അവബോധ പ്രചാരണമായിരുന്നു ഓട്ടത്തിന് പിന്നിലെ ലക്ഷ്യം. 60,000 യൂറോയാണ് ഇവർ സ്തനാർബുദ ഗവേഷണത്തിനുള്ള സംഭാവനയായി ഓടി സമാഹരിച്ചത്.
എല്ലാ ദിവസവും രാവിലെ മുതൽ ഓട്ടം തുടങ്ങുന്നതായിരുന്നു രീതി. 42.5 കിലോമീറ്ററാണ് ഓരോ ദിവസവും പൂർത്തിയാക്കിയിരുന്നത്. അതിനിടെയുണ്ടായ അസുഖങ്ങൾ, വീഴ്ചകൾ, മാനസികമായ പിരിമുറുക്കങ്ങൾ മുതലായവക്കൊന്നും ഹിൽദെ ദൊസോഞ്ചിന്‍റെ നിശ്ചയദാർഢ്യത്തെ പരാജയപ്പെടുത്താനായില്ല.
മണിക്കൂറിൽ 10 കിലോമീറ്റർ എന്ന വേഗത്തിലാണ് ഹിൽദെ ദൊസോഞ്ച് ഓട്ടം പൂർത്തിയാക്കിയത്. പലപ്പോഴും സുഹൃത്തുക്കളും കാണികളും ഇവർക്കൊപ്പം ഓടി. മാരത്തണിന്‍റെ തുടക്കത്തിൽ 27 കി.മീ പിന്നിട്ടപ്പോഴുണ്ടായ വീഴ്ചയിൽ വിരലുകൾക്ക് സാരമായ പരിക്കേറ്റിരുന്നു. ഇതോടെ, വീണ്ടും ഒന്നുമുതൽ ഓട്ടം പുനരാരംഭിച്ചു.
വർഷം നീണ്ട ഓട്ടത്തിന്‍റെ ദൃശ്യങ്ങൾ ഗിന്നസ് അധികൃതർക്ക് സമർപ്പിച്ച് റെക്കോഡിനായി കാത്തിരിക്കുകയാണ് ദൊസോഞ്ച്. മുറേ ബാർട്ലെറ്റ് എന്ന സ്ത്രീ 150 ദിവസം തുടർച്ചയായി ഓടിയതാണ് ഇതുവരെയുള്ള ലോക റെക്കോഡ്. ഹൂഗോ ഫാരിസ് എന്ന പുരുഷൻ വർഷം മുഴുവൻ ഓടി റെക്കോഡിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.