പ്രിയേ, ഇതാ നിൻ പ്രിയ ഗാനം' - കാണാൻ കൊറോണ നിയമം തടസ്സമായി; ആശുപത്രി ജനാലക്ക് താഴെയിരുന്ന് ഭാര്യയുടെ ഇഷ്ട ഗാനം മീട്ടി 81കാരൻ
text_fieldsബാല്യകാല സഖി ശോശന്നയുടെ ജനാലക്ക് താഴെ നിന്ന് ക്ലാരനെറ്റ് വായിക്കുന്ന സോളമനെ 'ആമേനി'ൽ നമ്മൾ കണ്ടതാണ്. ഇത്തിരി 'പ്രായം ചെന്നൊരു സോളമൻ' ഇറ്റലിയിലുണ്ട്. 81കാരനായ സ്‌റ്റെഫാനോ ബോസിനി. ആശുപത്രിയിൽ കഴിയുന്ന ഭാര്യ കാർല സാച്ചിക്ക് വേണ്ടി ബോസിനി അക്കോർഡിയൻ വായിക്കുന്ന വിഡിയോ വൈറലാണിപ്പോൾ.
ബോസിനി ഇങ്ങനെ ചെയ്തതിനൊരു കാരണമുണ്ട്. കാസ്ൽ സാൻ ജിയോവന്നിയിലെ ആശുപത്രിയിൽ കാൻസർ ബാധിച്ച് ചികിൽസയിലാണ് കാർല. പക്ഷേ, കോവിഡ് മാർഗനിർദേശ പ്രകാരം ബോസിനിക്ക് ആശുപത്രിയിൽ കയറി ഭാര്യയെ കാണാൻ അനുവാദമില്ല. അതുകൊണ്ട് ഭാര്യയെ കാണാനാണ് കാർലയുടെ മുറിയുടെ താഴെ ബോസിനി എത്തിയത്.
ഭാര്യയെ സന്തോഷിപ്പിക്കാനായി അവരുടെ ഇഷ്ടഗാനം അക്കോർഡിയനിൽ മീട്ടാനും ബോസിനി തയാറായി. ഇംഗ്ലീഷ് പോപ് ഗാനമായ 'സ്പാനിഷ് ഐയ്സ്' ആണ് ഇയാൾ വായിക്കുന്നത്. "ഇത് അവളുടെ പ്രിയപ്പെട്ട ഗാനമാണ്. വീട്ടിലായിരിക്കുമ്പോൾ ഞാനിത് അവളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി വായിക്കാറുണ്ട്. ആശുപത്രിയിലും അവൾ ഇത് കേട്ട് സന്തോഷിക്കട്ടെ " -ബോസിനി ദി ഗാർഡിയനോട് പറഞ്ഞു.
രണ്ടാം നിലയിലെ ജനാലക്കരിയിൽ കാർലയും രണ്ടുപേരും പാട്ടുകേട്ട് നിൽക്കുന്നതും വിഡിയോയിലുണ്ട്. കഴിഞ്ഞമാസമായിരുന്നു ഇവരുടെ നാൽപത്തേഴാം വിവാഹവാർഷികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.