ബെനഡിക്ട് 16ാമൻ: സഭയിലെ ബൗദ്ധിക ശക്തി കേന്ദ്രം
text_fieldsവത്തിക്കാൻ: 2005 ഏപ്രിൽ 19ന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്ന് വെള്ള പുകച്ചുരുളുകൾ മുകളിലേക്കുയർന്നപ്പോൾ കത്തോലിക്കാ സഭക്ക് 11ാം നൂറ്റാണ്ടിന് ശേഷം ആദ്യമായി ജർമൻകാരനായ മാർപാപ്പയെ ലഭിക്കുകയായിരുന്നു. ബെനഡിക്ട് 16ാമൻ എന്ന പേര് സ്വീകരിച്ച കർദിനാൾ ജോസഫ് റാറ്റ്സിംഗർ കാർക്കശ്യക്കാരനായ ദൈവശാസ്ത്രജ്ഞനായും യാഥാസ്ഥിക നിലപാടുകളെ മുറുകെപിടിച്ചും എട്ട് വർഷം ആഗോള കത്തോലിക്കാ സഭയെ നയിച്ചു.
അനാരോഗ്യം ചൂണ്ടിക്കാട്ടി, 2013ൽ അദ്ദേഹം അപ്രതീക്ഷിതമായി രാജിവെച്ചു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ 600 വർഷത്തിനിടെ ആദ്യമായാണ് ഒരു മാർപാപ്പ സ്ഥാനമൊഴിഞ്ഞത്. കീഴ്വഴക്കവും പാരമ്പര്യങ്ങളും തെറ്റിച്ച അദ്ദേഹത്തിന്റെ പ്രഖ്യാപനം കേട്ട് ലോകം അമ്പരന്നു. 1415ൽ സഭയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രിഗറി പന്ത്രണ്ടാമൻ രാജിവെച്ചതാണ് അതിന് മുമ്പുണ്ടായ സ്ഥാനത്യാഗം. 1294ൽ സെലസ്റ്റൈൻ അഞ്ചാമനുശേഷം സ്വമനസ്സാലെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യ മാർപാപ്പയുമായി ബെനഡിക്ട് 16ാമൻ.
സഭയിലെ ബൗദ്ധിക ശക്തി കേന്ദ്രം
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നിര്യാണത്തെത്തുടർന്ന് കത്തോലിക്കാ സഭയുടെ 265ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ ജോസഫ് റാറ്റ്സിംഗർ ജീവിതത്തിലുടനീളം യാഥാസ്ഥിതികത്വം പിന്തുടർന്ന വ്യക്തിയായിരുന്നു. യഥാർഥത്തിൽ, ലിബറൽ ദൈവശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോസഫ് റാറ്റ്സിംഗർ പിന്നീട് യാഥാസ്ഥിതിക നിലപാടിലേക്ക് ചുവടുമാറ്റുകയായിരുന്നു. പാരമ്പര്യ ക്രൈസ്തവ വിശ്വാസങ്ങളെയും മൂല്യങ്ങളെയും മുറുകെ പിടിക്കുന്ന നിലപാടാണ് ബെനഡിക്ട് 16ാമൻ സ്വീകരിച്ചത്. എന്നാൽ, പിൻഗാമിയായി എത്തിയ ഫ്രാൻസിസ് മാർപാപ്പ പിന്തുടർന്നത് മിതവാദ പാതയാണ്. 1980കൾക്ക് ശേഷം സഭയിലെ വലിയ ബൗദ്ധിക കേന്ദ്രമായി വിശേഷിപ്പിക്കപ്പെട്ട ബെനഡിക്ട് 16ാമൻ ലാറ്റിൻ ഭാഷയുടെ ഉപയോഗം സഭയിൽ പ്രോത്സാഹിപ്പിച്ചു.
21ാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അപകടമായി അദ്ദേഹം വിലയിരുത്തിയത് ധാർമികമൂല്യങ്ങളുടെ നിരാസമാണ്. നിയന്ത്രണമില്ലാത്ത സാമ്പത്തിക മുതലാളിത്തത്തെയും എതിർത്തു. പാവപ്പെട്ടവരെയും തൊഴിലാളികളെയും ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന സമ്പന്നരെയും കോർപറേറ്റുകളെയും സംരക്ഷിക്കുന്ന സ്വതന്ത്ര വിപണി എന്ന ആശയത്തെ കണ്ണുമടച്ച് പിന്തുണക്കുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
സ്വവർഗ വിവാഹത്തെയും ഗർഭഛിദ്രത്തെയും ശക്തമായ എതിർത്ത ബെനഡിക്ട് 16ാമൻ ‘അമിതമായ മതേതരത്വ’ത്തിനും എതിരായിരുന്നു. 2010ൽ സ്പെയിനിൽ നടത്തിയ സന്ദർശനത്തിനിടെ ആ രാജ്യത്തെ ‘അതിരുകടന്ന മതേതരത്വ’ത്തെ അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശിച്ചു.
കത്തോലിക്കാ സഭയുടെ ബൗദ്ധിക തലത്തിന് ഏറെക്കാലം നേതൃത്വം നൽകിയ കർദിനാൾ ജോസഫ് റാറ്റ്സിംഗർ 1951ലാണ് വൈദിക പട്ടം സ്വീകരിച്ചത്. അക്കാദമീഷ്യനായി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 35ാമത്തെ വയസിൽ രണ്ടാം വത്തിക്കാൻ കൗൺസിലിെന്റ ദൈവശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. 1977ൽ മ്യൂണിക്ക് ആർച്ച് ബിഷപ്പായി നിയമിതനായ ജോസഫ് റാറ്റ്സിംഗറിനെ നാല് വർഷത്തിനുശേഷം വത്തിക്കാെന്റ ദൈവശാസ്ത്ര തലവനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു. കാൽനൂറ്റാണ്ട് ഈ ചുമതല വഹിച്ചു. ബൗദ്ധിക വിജ്ഞാനവും ശാസ്ത്രീയാന്വേഷണവും ഒരു മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുകയല്ല; മറിച്ച് ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് െബനഡിക്ട് 16ാമൻ എന്ന് ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി.
സഭൈക്യത്തിന് മുൻഗണന
വിവിധ ക്രൈസ്തവ സഭകളുടെ ഐക്യമാണ് തെന്റ പരമപ്രധാന ലക്ഷ്യമെന്ന് മാർപാപ്പയായി സ്ഥാനമേറ്റതിെന്റ പിറ്റേദിവസം കർദിനാൾമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. ഇറ്റലിക്ക് പുറത്തേക്ക് അദ്ദേഹം ആദ്യമായി നടത്തിയ ഔദ്യോഗിക സന്ദർശനം 2006ൽ ഇസ്തംബൂളിലേക്കായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസ് ബർത്തലോമിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുസഭകളും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ വിഭാഗവുമായും ജർമനിയിലെ ലൂഥറൻ വിഭാഗവുമായും തുറന്ന സംവാദങ്ങൾക്ക് മുൻകൈയെടുത്തു. എന്നാൽ, സഭൈക്യം എന്ന ലക്ഷ്യം എത്രത്തോളം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് വ്യക്തമല്ല. ലോകമെങ്ങുമായി വിഘടിച്ചുനിൽക്കുന്ന ക്രൈസ്തവ സഭകൾക്കിടയിലെ ഐക്യം ഇന്നും വിദൂര സ്വപ്നമാണ്. സഭൈക്യത്തിന് ശ്രമങ്ങൾ നടത്തുമ്പോഴും കത്തോലിക്കാ സഭയുടെ അപ്രമാദിത്വം ഉയർത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിെന്റ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘ഡൊമിനസ് ഈസസ്’ എന്ന നയരേഖയിൽ ഇതര ക്രൈസ്തവ സഭകളെ ‘ഗൗരവകരമായ ശോഷണം സംഭവിച്ചവ’യെന്നാണ് വിശേഷിപ്പിച്ചത്.
വിവാദങ്ങൾക്കൊപ്പം
ആഗോളതലത്തിൽ കത്തോലിക്കാ സഭയെ ലൈംഗിക അപവാദങ്ങൾ പിടിച്ചുകുലുക്കിയ സമയത്താണ് ബെനഡിക്ട് 16ാമൻ മാർപാപ്പ ചുമതലയേൽക്കുന്നത്. മ്യൂണിക്ക് ആർച്ച് ബിഷപ്പായിരുന്ന കാലത്ത് സഭയിൽ ഉയർന്നുവന്ന ചില ലൈംഗിക അപവാദ സംഭവങ്ങൾ മൂടിവെക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
മുൻഗാമിയായിരുന്ന ജോൺ പോൾ രണ്ടാമനെപ്പോലെയോ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയെപ്പോലെയോ ജനപ്രീതി പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നിലപാടുകളിലെ കാർക്കശ്യമാണ് ഇതിന് ഒരു പരിധിവരെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മാർപ്പാപ്പയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ജന്മനാടായ ബവേറിയ സന്ദർശിക്കവേ അദ്ദേഹം നടത്തിയ വിവാദ പ്രസ്താവന മുസ്ലിം ലോകവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതായിരുന്നു. ഇസ്ലാം വളർന്നത് വാളിന്റെ തണലിലാണെന്ന് 14ാം നൂറ്റാണ്ടിലെ ബൈസൈന്റൻ ചക്രവർത്തിയെ ഉദ്ധരിച്ച് നടത്തിയ പരാമർശമാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. പിന്നീട് അദ്ദേഹം പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.
ഗ്രീൻ പോപ്പ്
പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു ബെനഡിക്ട് 16ാമൻ. അതിനാൽ, ‘ഗ്രീൻ പോപ്പ്’ എന്ന വിശേഷണത്തിനും ഉടമയായി. 2010ലെ ലോക സമാധാനദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു; ‘സമാധാനം നട്ടുവളർത്തണമെങ്കിൽ സൃഷ്ടിയെ സംരക്ഷിക്കുക.’ കാലാവസ്ഥാ വ്യതിയാനം, മരുഭൂവത്കരണം, കൃഷിഭൂമിയുടെ ശോഷണം, നദികളുടെ മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ നാശം, ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ യാഥാർഥ്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കാൻ നമുക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
വിവാദങ്ങൾക്കും കാർക്കശ്യത്തിനുമൊപ്പം സഞ്ചരിച്ചതായിരുന്നു ബെനഡിക്ട് 16ാമൻ മാർപാപ്പയുടെ ജീവിതം. ദൈവശാസ്ത്രത്തിെന്റ നിഗൂഢമായ പൊരുളുകൾ തേടുകയും ദൈവമെന്ന സത്യത്തിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം വിടപറയുന്നത്.
രാഷ്ട്രനേതാക്കൾ അനുശോചിച്ചു
വത്തിക്കാൻ: പോപ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ രാഷ്ട്രത്തലവന്മാരടക്കം പ്രമുഖർ അനുശോചിച്ചു. ജീവിതം സഭക്കും ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കും സമർപ്പിച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വേർപാടിൽ അഗാധ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബെനഡിക്ട് പതിനാറാമന്റെ നിര്യാണം തീരാനഷ്ടമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
സാഹോദര്യത്തിനും ലോകസമാധാനത്തിനുമായി ബെനഡിക്ട് പതിനാറാമൻ പ്രവർത്തിച്ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.പോപ് ബെനഡിക്ട് വിശ്വാസത്തിന്റെയും യുക്തിയുടെയും മേഖലയിലെ അതികായനായിരുന്നുവെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി അനുശോചന സന്ദേശത്തിൽ പറഞ്ഞു. താരതമ്യമില്ലാത്ത ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
ലോകമെമ്പാടും സമാധാനവും സൗഹാർദവും കൈവരിക്കാൻ അദ്ദേഹം അശ്രാന്തപരിശ്രമം നടത്തിയെന്ന് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസ് പറഞ്ഞു. വിശ്വാസസംരക്ഷണത്തിനായി ഉറച്ച നിലപാടെടുത്ത പ്രഗല്ഭനായിരുന്നു അദ്ദേഹമെന്ന് കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പറഞ്ഞു.
മരണാനന്തര ചടങ്ങുകളിലും അപൂർവത
വത്തിക്കാൻ: ആറു നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ എന്നതിനാൽ മുൻ മാർപാപ്പയുടെ മരണാനന്തര ചടങ്ങുകളിലും അപൂർവതയേറെയാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് സാധാരണ പതിവുള്ള മണി മുഴങ്ങില്ല. ഇത് നിലവിലുള്ള മാർപാപ്പയുടെ മരണത്തിനു മാത്രമാണ് ബാധകമെന്ന് വത്തിക്കാൻ വക്താവ് പറയുന്നു. മാർപാപ്പയുടെ മുദ്രയായ മോതിരം നശിപ്പിക്കേണ്ട ആവശ്യമില്ല. കാരണം 2013ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾത്തന്നെ മോതിരം നശിപ്പിച്ചുകളഞ്ഞിരുന്നു. ഇത്തവണ കോൺക്ലേവ് ചേർന്ന് പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടതുമില്ല. എന്നാൽ, സംസ്കാര ചടങ്ങുകൾ എങ്ങനെയായിരിക്കും എന്ന് വ്യക്തമല്ല. ചുവന്ന പൊന്തിഫിക്കൽ വസ്ത്രം ധരിപ്പിക്കുമോ പരമ്പരാഗത ഒമ്പതു ദിവസത്തെ ദുഃഖാചരണം നടക്കുമോ എന്നതിലൊന്നും സ്ഥിരീകരണമില്ല. ജോൺ പോൾ രണ്ടാമൻ മരിച്ചപ്പോൾ കുർബാന മൂന്നു മണിക്കൂർ നീണ്ടുനിന്നു. അന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മരണാനന്തര ചടങ്ങായിരുന്നു അത്.
മാർപാപ്പയുടെ മരണാനന്തര ചടങ്ങുകൾക്ക് മറ്റൊരു മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുന്നത് സഭയുടെ ചരിത്രത്തിൽ ആദ്യമാണ്. ഫ്രാൻസിസ് മാർപാപ്പ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് വത്തിക്കാൻ പറഞ്ഞു.
സാധാരണ മാർപാപ്പയുടെ സംസ്കാര ചടങ്ങിന് പ്രിഫെക്ട് ഓഫ് കാർഡിനൽ ആണ് കാർമികത്വം വഹിക്കേണ്ടത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത് അന്നത്തെ പ്രിഫെക്ട് ഓഫ് കാർഡിനൽ ആയ റാറ്റ്സിംഗറായിരുന്നു (ബെനഡിക്ട് പതിനാറാമൻ). ബെനഡിക്ട് പതിനാറാമന് ലളിതമായ ചടങ്ങുകളോടെയാകും അന്ത്യയാത്ര. കാരണം അദ്ദേഹം ലളിതമായ രീതിയിൽ മരണാനന്തര ചടങ്ങുകൾ നടത്തണമെന്ന് അഭ്യർഥിച്ചിരുന്നു.
സാധാരണ പതിവുള്ള മാർപാപ്പയുടെ സംരക്ഷകരായ സ്വിസ് ഗാർഡ് സാന്നിധ്യം ഇത്തവണയുണ്ടാവില്ല. മാർപാപ്പമാരുടെ മരണത്തോടെയാണ് സ്വിസ് ഗാർഡ് സാധാരണ സേവനം അവസാനിപ്പിക്കുക. ബെനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്തപ്പോൾ സ്വിസ് ഗാർഡും സേവനം അവസാനിപ്പിച്ചിരുന്നതിനാലാണിത്. ജോപോൾ രണ്ടാമന്റെ കബറിടത്തിൽ തന്നെയാകും കബറടക്കമെന്നാണ് സൂചന.
മലങ്കര കത്തോലിക്ക സഭയിൽ ദുഃഖാചരണം
തിരുവനന്തപുരം: ബെനഡിക്ട് പതിനാറാമൻ എമരിറ്റസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ദുഃഖം രേഖപ്പെടുത്തി. മലങ്കര കത്തോലിക്ക സഭയിൽ ജനുവരി അഞ്ചുവരെ ദുഃഖാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.