ലോകം ഉറ്റുനോക്കുന്നു; ബെനഡിക്ട് 16-ാമന്‍റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ എന്നറിയാൻ
text_fieldsഅന്തരിച്ച ബെനഡിക്ട് പതിനാറാമന്‍റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മരിക്കുന്നതിന് മുമ്പ് മാർപാപ്പ സ്ഥാനത്യാഗം ചെയ്ത സാഹചര്യം ആഗോള കത്തോലിക്ക സഭ അഭിമുഖീകരിച്ചത് നൂറ്റാണ്ടുകൾക്ക് മുമ്പാണ്.
1415ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തിരുന്നു. 1294ലെ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ മുതൽ പദവിയിലിരിക്കെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ് ബനഡിക്ട് പതിനാറാമൻ. 2005ലാണ് ബനഡിക്ട് പതിനാറാമൻ 265ാമത്തെ മാർപാപ്പയായത്. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
പോപ്പ് എമിരിറ്റസിന്റെ സംസ്കാര ചടങ്ങുകൾ റോമിലെ ബിഷപ്പ് എമിരിറ്റസിന്‍റേതിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. സാധാരണ പദവിയിലിരിക്കുന്ന മാർപാപ്പ മരിക്കുമ്പോഴുള്ള ഔദ്യോഗിക പ്രഖ്യാപനം, അദ്ദേഹം ഉപയോഗിച്ച മുറികളുടെ അടച്ചുപൂട്ടൽ, മരണപ്പെട്ട ഒരു മാർപാപ്പയെ കിടത്തുമ്പോൾ പൊന്തിഫിക്കൽ വസ്ത്രങ്ങളും പേപ്പൽ പാലിയവും ധരിപ്പിക്കുന്നത് അടക്കമുള്ള ആചാരങ്ങളൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല. അതുപോലെ, നോവെൻഡിയേൽ എന്നറിയപ്പെടുന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണം, സാധാരണക്കാർക്ക് ആദരാഞ്ജലികൾ അവസരം എന്നിവ ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്നും വിദഗ്ധർ പറയുന്നു.
തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ബെനഡിക്ട് പതിനാറാമൻ വിൽപത്രം തയാറാക്കുകയും മരണശേഷം പ്രസിദ്ധീകരിക്കാനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുൻഗാമി ജോൺ പോൾ രണ്ടാമനെ അടക്കിയ അതേ കല്ലറയിൽ അടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായി ബെനഡിക്ട് പതിനാറാമന്‍റെ ജീവചരിത്രകാരൻ ആൽബർട്ടോ മെല്ലോനി വ്യക്തമാക്കിയിരുന്നു. സ്ഥാനത്യാഗം ചെയ്ത മാർപാപ്പയായതിനാൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവും ഉണ്ടാകില്ല.
ഒരാളെ മാർപാപ്പയായി തെരഞ്ഞെടുക്കുന്നതിനും മാർപ്പാപ്പയുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും സഹസ്രാബ്ദങ്ങളോളം പാരമ്പര്യമുള്ള പ്രോട്ടോക്കോളുകൾ നിലവിലുണ്ടെങ്കിലും, സ്ഥാനമൊഴിഞ്ഞ മാർപാപ്പക്ക് നൽകേണ്ട ആദരവിന്‍റെ കാര്യത്തിൽ കത്തോലിക്ക സഭക്ക് മുമ്പിൽ ചോദ്യചിഹ്നമായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം ബനഡിക്ട് പതിനാറാമൻ വത്തിക്കാനിൽ തുടർന്നതും സഭാ ചരിത്രത്തിൽ അഭൂതപൂർവമായ സംഭവമാണ്.
ബനഡിക്ട് പതിനാറാമന്‍റെ സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാൻ ന്യൂസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.