അഴിമതിക്കേസ്: നെതന്യാഹുവിന്റെ വിചാരണ തുടങ്ങി; കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി
text_fieldsതെൽ അവീവ്: യുദ്ധം പറഞ്ഞ് പലവട്ടം മാറ്റിവെച്ചതിനൊടുവിൽ അഴിമതിക്കേസിൽ കോടതിയിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വർഷങ്ങളായി തുടരുന്ന കേസിൽ ആദ്യമായാണ് 75കാരനായ നെതന്യാഹു കോടതിയിൽ നേരിട്ട് മൊഴി നൽകുന്നത്. തനിക്കെതിരായ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും കടുത്ത അനീതിയാണെന്നും നെതന്യാഹു പറഞ്ഞു.
തലസ്ഥാന നഗരമായ തെൽ അവീവിൽ പ്രതിരോധ വിഭാഗം ആസ്ഥാനത്തിനരികെ ഭൂഗർഭ മുറിയിലാണ് വിചാരണ പുരോഗമിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടാലും തെളിയിക്കപ്പെടുംവരെ ഇസ്രായേലിൽ പ്രധാനമന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിയമം അവസരമാക്കിയാണ് നെതന്യാഹു പദവിയിൽ തുടരുന്നത്. യുദ്ധം കാരണം പലവട്ടം നീട്ടിയതിനൊടുവിൽ വിചാരണ ആരംഭിക്കാൻ കോടതി കഴിഞ്ഞ ആഴ്ച തീരുമാനമെടുക്കുകയായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം കോടതിയിൽ മൊഴി നൽകാനെത്തണം. പരസ്പര ബന്ധിതമായ മൂന്ന് കേസുകളിൽ കൈക്കൂലി, വഞ്ചന, വിശ്വാസലംഘനക്കുറ്റങ്ങളാണ് പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ അനുകൂലമായ വാർത്തകൾ നൽകുന്നതിന് പകരം നിയമനിർമാണങ്ങളിൽ അവരെ സഹായിക്കുകയും സമ്പന്നരായ സുഹൃത്തുക്കളിൽനിന്ന് പാരിതോഷികങ്ങൾ സ്വീകരിക്കുകയും ചെയ്തുവെന്നതാണ് നെതന്യാഹുവിനെതിരായ പ്രധാന കുറ്റം.
ഹോളിവുഡ് നിർമാതാവ് ആർനോൺ മിൽക്കൻ, ആസ്ട്രേലിയൻ ശതകോടീശ്വരൻ ജെയിംസ് പാക്കർ തുടങ്ങിയവരിൽനിന്ന് പാരിതോഷികം വാങ്ങിയെന്നാണ് ഒരു കേസ്. തന്നെ വിചാരണ ചെയ്യാനുള്ള കോടതി തീരുമാനത്തിനെതിരെ നെതന്യാഹു കടുത്ത ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റും നെതന്യാഹുവിനെതിരെ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.