ഗാന്റ്സിന്റെയും ഐസൻകോട്ടിന്റെയും രാജി: നെതന്യാഹുവിന് പ്രതിസന്ധി
text_fieldsതെൽഅവീവ്: ഇസ്രായേലിൽ താൽക്കാലിക യുദ്ധകാല മന്ത്രിസഭയിൽനിന്ന് രണ്ടുപേർ രാജിവെച്ചു. ഗസ്സയിൽ ഇസ്രായേൽ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലനിൽപ് അപകടത്തിലാക്കി ബെന്നി ഗാന്റ്സ്, ഗാഡി ഐസൻകോട്ട് എന്നിവരുടെ രാജി.
‘‘യഥാർഥ വിജയത്തിലേക്ക് മുന്നേറുന്നതിൽ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണ്. അതിനാലാണ് യുദ്ധകാല സർക്കാറിൽ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്’’- ഗാന്റ്സ് പറഞ്ഞു. മുമ്പ് സൈനിക മേധാവികളായി രാഷ്ട്രീയത്തിലെത്തിയവരാണ് ഗാന്റ്സും ഐസൻകോട്ടും. മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്സ് ഇസ്രായേൽ റെസിലിയൻസ് പാർട്ടി നേതാവാണ്.
2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ എതിരാളിയായ ഗാന്റ്സുമായി ചേർന്ന് നെതന്യാഹു സഖ്യസർക്കാറുണ്ടാക്കിയെങ്കിലും ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയിൽ സർക്കാർ നിലംപതിച്ചു. രണ്ട് പ്രമുഖർ പിൻവാങ്ങിയതോടെ അഞ്ചംഗ യുദ്ധ മന്ത്രിസഭയിൽ അവശേഷിക്കുന്നത് നെതന്യാഹു, യൊആവ് ഗാലന്റ്, റോൺ ഡെർമർ എന്നിവരാണ്. അതോടെ, യുദ്ധമന്ത്രിസഭയുടെ പ്രവർത്തനം അവതാളത്തിലായി.
ഗസ്സയിൽ യുദ്ധാനന്തര പദ്ധതി അവതരിപ്പിക്കുന്നില്ലെങ്കിൽ രാജിവെക്കുമെന്ന് ഗാന്റ്സ് മൂന്നാഴ്ച മുമ്പ് ഭീഷണി മുഴക്കിയിരുന്നു. അന്ത്യശാസനമായി നൽകിയ തീയതിയും കഴിഞ്ഞതിന് പിറകെയാണ് പ്രഖ്യാപനം. യുദ്ധം ചുരുങ്ങിയത് കുറച്ച് മാസത്തേക്കെങ്കിലും നിർത്തിവെച്ച് ബന്ദികളുടെ മോചനം ഉറപ്പാക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. ഹമാസിന്റെ നിയന്ത്രണത്തിലുണ്ടെന്ന് കരുതുന്ന 120 പേരിൽ 43 പേരെങ്കിലും ഇതിനകം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവശേഷിച്ചവരും മരിക്കാനിടയാക്കി യുദ്ധം തുടരരുതെന്ന ആവശ്യം പക്ഷേ, നെതന്യാഹുവും അദ്ദേഹത്തിന് പിന്തുണ നൽകുന്ന തീവ്രനേതാക്കളും അംഗീകരിക്കുന്നില്ല.
ഗസ്സയിൽ ഹമാസിനു ശേഷമുള്ള സർക്കാർ എങ്ങനെയാകണമെന്നതു സംബന്ധിച്ചും നെതന്യാഹു തീരുമാനമെടുക്കണമെന്ന് ഗാന്റ്സ് ആവശ്യപ്പെടുന്നു. പുറത്തുനിന്നുള്ള ഇടപെടലും രാഷ്ട്രീയ താൽപര്യങ്ങളുമാണ് രാജിയിലെത്തിച്ചതെന്ന് ഐസൻകോട്ടും പറയുന്നു. ഐസൻകോട്ടിന്റെ പട്ടാളക്കാരനായ മകൻ ഡിസംബറിൽ ഗസ്സയിൽ കൊല്ലപ്പെട്ടിരുന്നു.
യുദ്ധമന്ത്രിസഭക്ക് അനുബന്ധമായുള്ള സുരക്ഷാമന്ത്രിസഭയിൽ തീവ്ര നേതാക്കളായ ബെസലെൽ സ്മോട്രിച്ച്, ഇറ്റമർ ബെൻ ഗ്വിർ എന്നിവരുമുണ്ട്. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറത്താക്കി ജൂത കുടിയേറ്റ കേന്ദ്രമാക്കണമെന്ന പക്ഷക്കാരാണ് ഇരുവരും. വെടിനിർത്തലും ബന്ദികൈമാറ്റവും ഉറപ്പുവരുത്തുന്ന കരാറിൽ നെതന്യാഹു ഒപ്പുവെച്ചാൽ പിന്തുണ പിൻവലിക്കുമെന്നും നെതന്യാഹു സർക്കാറിനെ താഴെയിറക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, മാസങ്ങൾക്കിടെ പശ്ചിമേഷ്യയിൽ എട്ടാം പര്യടനം നടത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയെ കണ്ടു. യു.എസ് മുന്നോട്ടുവെച്ച ഗസ്സ സമാധാന നിർദേശത്തിന് പിന്തുണയും നിർദേശങ്ങളും തേടിയാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.