മഹ്മൂദ് അബ്ബാസിന്റെ ഹോളോകോസ്റ്റ്പരാമർശത്തിൽ ബർലിൻ പൊലീസ്പ്രാഥമിക അന്വേഷണം നടത്തും
text_fieldsബർലിൻ: ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ 50 വംശഹത്യകൾ (ഹോളോകോസ്റ്റ്) നടത്തിയിട്ടുണ്ടെന്ന ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവനയിൽ ബർലിൻ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ബർലിനിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു അബ്ബാസിന്റെ പ്രസ്താവന. ഇത് ജർമനിയിലും ഇസ്രായേലിലും പ്രതിഷേധത്തിന് കാരണമായിരുന്നു. അബ്ബാസ് വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നതിൽ അന്വേഷണമുണ്ടായേക്കുമെന്ന് ജർമൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. വംശഹത്യയെ കുറച്ചുകാണുന്നത് ജർമനിയിൽ ക്രിമിനൽ കുറ്റമാണ്. പ്രാഥമികാന്വേഷണം എന്നാൽ പൂർണതോതിലുള്ള കേസന്വേഷണമല്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫലസ്തീൻ പ്രദേശങ്ങളെ സ്വയംഭരണ രാഷ്ട്രമായി ജർമനി കണക്കാക്കുന്നില്ലെങ്കിലും ഫലസ്തീൻ അതോറിറ്റി പ്രതിനിധി എന്നനിലയിൽ ജർമനിയിലെത്തിയ അബ്ബാസിനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങാനാകില്ല.
ആഗസ്റ്റ് 16ന് നടന്ന വാർത്താസമ്മേളനത്തിലാണ് അബ്ബാസ് വംശഹത്യ പരാമർശം നടത്തിയത്. 1972ൽ മ്യൂണിക്കിൽ ഇസ്രായേൽ അത്‍ലറ്റുകൾക്കുനേരെയുണ്ടായ ആക്രമണത്തിന് മാപ്പുപറയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതൽ ഇന്നേവരെ 50 ഫലസ്തീൻ ഗ്രാമങ്ങളിൽ ഇസ്രായേൽ 50 കൂട്ടക്കൊലകൾ നടത്തി -50 കുരുതികൾ; 50 വംശഹത്യകൾ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.