ലോകത്തിലെ വലിയ സിലിൻഡർ അക്വേറിയം തകർന്നു
text_fieldsബർലിൻ: ലോകത്തിലെ വലിയ സിലിൻഡർ ആകൃതി അക്വേറിയമായ ജർമനിയിലെ ബർലിൻ റാഡിസൺ ബ്ലൂ ഹോട്ടൽ ലോബിയിലെ അക്വാ ഡോം തകർന്നു. ദീർഘവൃത്താകൃതിയിൽ 14 മീറ്റർ ഉയരമുള്ള അക്വാ ഡോമിൽ നൂറിലേറെ ഇനങ്ങളിലെ 1500 അലങ്കാര മത്സ്യം ഉണ്ടായിരുന്നു. 1.28 കോടി യൂറോ ചെലവിൽ അമേരിക്കൻ കമ്പനിയാണ് 2004ൽ അക്വാഡോം നിർമിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5.50ന് വൻ ശബ്ദം കേട്ട് ഓടിക്കൂടിയ ഹോട്ടൽ ജീവനക്കാരും താമസക്കാരും കണ്ടത് തകർന്നുകിടക്കുന്ന അക്വേറിയവും സുനാമി കണക്കെ കുത്തിയൊലിക്കുന്ന വെള്ളവുമായിരുന്നു. പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് അക്വേറിയത്തിൽ നിറച്ചിരുന്നത്. മൂന്ന് ഡൈവർമാരായിരുന്നു ദിവസവും മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുകയും അക്വേറിയം വൃത്തിയാക്കുകയും ചെയ്തിരുന്നത്. ദിവസവും എട്ട് കിലോ തീറ്റ വേണമായിരുന്നു. രണ്ടുവർഷം മുമ്പാണ് നവീകരിച്ചത്.
ചില്ല് ദേഹത്തുവീണ് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. നൂറിൽപരം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. തണുത്ത കാലാവസ്ഥ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മീനുകളെ രക്ഷിക്കാൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.