‘ഗാന്ധിയൻ തത്വചിന്തയോടുള്ള കടുത്ത വഞ്ചന’; രാഹുൽ ഗാന്ധി വിഷയത്തിൽ യു.എസ് കോൺഗ്രസ് അംഗം
text_fieldsവാഷിംഗ്ടൺ: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയത് ഗാന്ധിയൻ തത്വചിന്തയോടുള്ള കടുത്ത വഞ്ചനയാണെന്ന് യു.എസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ റോ ഖന്ന. മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ശിക്ഷിച്ചതിന് ഏകദേശം 24 മണിക്കൂറിന് ശേഷം, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെള്ളിയാഴ്ച ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കി.
രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയത് ഗാന്ധിയൻ തത്ത്വചിന്തകളോടും ഇന്ത്യയുടെ ആഴമേറിയ മൂല്യങ്ങളോടും കാണിക്കുന്ന വഞ്ചനയാണ്” -ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന ട്വീറ്റിൽ പറഞ്ഞു. ഖന്ന യു.എസ് ജനപ്രതിനിധി സഭയിൽ സിലിക്കൺ വാലിയെ പ്രതിനിധീകരിക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രി മോദിയുടെ ഇടപെടലും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. "ഇന്ത്യൻ ജനാധിപത്യത്തിന് വേണ്ടി ഈ തീരുമാനം മാറ്റാൻ നിങ്ങൾക്ക് അധികാരമുണ്ട്" -ഖന്ന മറ്റൊരു ട്വീറ്റിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അയോഗ്യത ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിവസമാണെന്ന് യു.എസിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.
"ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇത് ദുഃഖകരമായ ദിവസമാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ, എല്ലായിടത്തും ഇന്ത്യക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മോദി സർക്കാർ മരണമണി മുഴക്കുന്നു" -എബ്രഹാം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.