തോക്കിൻ മുനയിൽ യു.എസ്; തോക്ക് മഹാമാരിയെന്ന് ബൈഡൻ; കടുത്ത നിയന്ത്രണവുമായി ഭരണകൂടം
text_fieldsവാഷിങ്ടൺ: അമേരിക്കയെ തോക്കിൻമുനയിൽ നിർത്തി വെടിവെപ്പ് സംഭവങ്ങൾ വർധിച്ചതോടെ കടുത്ത നിയമങ്ങളുമായി ബൈഡൻ ഭരണകൂടം. പ്രത്യേക അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടൻ തോക്കുകളുടെ നിർമാണവും ഉപയോഗവും നിയന്ത്രിച്ചാണ് സർക്കാർ പുതിയ നിയമം പുറത്തിറക്കിയത്. കോൺഗ്രസിന്‍റെ പിന്തുണ ആവശ്യമില്ലാത്ത പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു നിയമ നിർമാണം.
അതേ സമയം, യു.എസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക് കൈവശംവെക്കൽ നിയമവിധേയമാണെന്നിരിക്കെ ഇത് മറികടക്കൽ ബൈഡന് എളുപ്പമാകില്ല. തങ്ങളുടെ മൗലികാവകാശത്തിനുമേൽ സർക്കാർ കടന്നുകയറുന്നതിനെതിരെ ജനം നിലയുറപ്പിച്ചാൽ നിയമം നടപ്പാക്കൽ എളുപ്പമാകില്ല.
ടെക്സസിലെ ബ്രിയാനിൽ തോക്കുധാരി ഒരാളെ വെടിവെച്ചുകൊല്ലുകയും അഞ്ചു പേരെ പരിക്കേൽപിക്കുകയും ചെയ്ത് മണിക്കൂറുകൾക്കിടെയായിരുന്നു ബൈഡൻ പുതിയ ഉത്തരവിറക്കിയത്. കഴിഞ്ഞ മാർച്ചിൽ നടന്ന സമാന സംഭവങ്ങളിൽ മാത്രം 18 പേരാണ് തോക്കുധാരികളുടെ വെടിയേറ്റുമരിച്ചത്.ബൗൾഡർ, കൊളറാഡോ, അറ്റ്ലാന്റ, ജോർജിയ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.
തോക്ക് ''ഒരു മഹാമാരിയാണ്. അത് അവസാനിക്കണം''- ബൈഡൻ പറഞ്ഞു.
ഉത്തരവു പ്രകാരം അടുത്ത 30 ദിവസത്തിനിടെ നീതിന്യായ വകുപ്പ് നാടൻ തോക്കുകളുടെ എണ്ണം കുറക്കാൻ പ്രത്യേക നിയമം നടപ്പാക്കണം. നിർമിച്ച ഇടവും സ്ഥാപനവും കണ്ടെത്താനാകാത്ത, സീരിയൽ നമ്പറില്ലാത്ത തോക്കുകളാണ് രാജ്യത്ത് നിയന്ത്രിക്കപ്പെടുക. വിവിധ സംസ്ഥാനങ്ങളിൽ പിടിച്ചെടുക്കുന്ന തോക്കുകളിൽ 40 ശതമാനവും നാടൻ തോക്കുകളാണെന്ന് പൊലീസ് രേഖകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.