സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്; അക്രമം അംഗീകരിക്കില്ല -ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസിലെ കാമ്പസുകളിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇതാദ്യമായാണ് പ്രതിഷേധങ്ങൾ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് പ്രതികരണം നടത്തുന്നത്. അമേരിക്കൻ പൗരൻമാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അക്രമം അഴിച്ചുവിടാൻ അധികാരമില്ലെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ സംസാരിക്കുമ്പോഴാണ് ബൈഡന്റെ പ്രതികരണം.
സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന് ആവശ്യമാണ്. എന്നാൽ, അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബൈഡൻ പറഞ്ഞു. സ്വത്തുക്കൾ നശിപ്പിക്കുന്നത് സമാധാനപരമായ ഒരു പ്രതിഷേധമല്ല. അത് നിയമത്തിന് എതിരാണ്. വസ്തുക്കൾ നശിപ്പിക്കൾ, അതിക്രമിച്ച് കയറൽ, ക്ലാസുകൾ തടസ്സപ്പെടുത്തൽ ഇതൊന്നും സമാധാനപരമായ പ്രതിഷേധമല്ലെന്നും ബൈഡൻ പറഞ്ഞു.
വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു.എസ്. പക്ഷേ നിയമവ്യവസ്ഥ പാലിക്കപ്പെടണം. വിയോജിപ്പുകൾ ജനാധിപത്യത്തിൽ വേണം. എന്നാൽ, അത് മൂലം മറ്റ് വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്നും ബൈഡൻ പറഞ്ഞു. പ്രതിഷേധങ്ങൾ യു.എസിന്റെ മിഡിൽ ഈസ്റ്റ് നയത്തെ സ്വാധീനിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
യു.എസിലെ വിവിധ സർവകലാശാലകളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭം കരുത്താർജിച്ചിരുന്നു. യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രായേലിൽ നിന്ന് യൂണിവേഴ്സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ തങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർഥികളുടെ പക്ഷം. അതേസമയം, വിദ്യാർഥികളുടെ പ്രതിഷേധം അടിച്ചമർത്താൻ കടുത്ത നടപടികളുമായി പൊലീസും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.