യുദ്ധത്തിന് ഇടവേള വേണം -ബൈഡൻ
text_fieldsമിനപോളിസ്: ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിന് ഇടവേളയുണ്ടാകേണ്ടതുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ബുധനാഴ്ച മിനപോളിസിൽ ഒരു വനിത ‘യുദ്ധത്തിൽ വെടിനിർത്തൽ വേണ’മെന്ന് ആവശ്യപ്പെട്ട് ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹമാസ് ആക്രമണത്തിനുപിന്നാലെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ തങ്ങൾ ആ രാജ്യത്തിന് പ്രത്യേക നിർദേശമൊന്നും നൽകില്ലെന്നായിരുന്നു ബൈഡൻ ഭരണകൂടത്തിന്റെ അഭിപ്രായം. ഈ നിലപാടിൽനിന്നുള്ള മാറ്റമാണ് പുതിയ അഭിപ്രായമെന്നാണ് റിപ്പോർട്ട്.
വെടിനിർത്തലിനായി ഇടപെടണമെന്ന് ഡെമോക്രാറ്റുകളിൽതന്നെയുള്ള ലിബറൽ നിലപാടുള്ളവർ ബൈഡനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും ഈ ആവശ്യം ഉന്നയിച്ചുവരുകയാണ്. താൽക്കാലികമായെങ്കിലും ഫലസ്തീനിയൻ സമൂഹത്തിന് ആശ്വാസം നൽകണമെന്ന സമ്മർദ തന്ത്രമാണ് പ്രസ്താവനയിലൂടെ ബൈഡൻ നടത്തിയതെന്ന് അഭിപ്രായമുണ്ട്. ഇസ്രായേലിലേക്കുള്ള പുതിയ യു.എസ് അംബാസഡർ ജാക്ക് ല്യൂവിനെ ഫലസ്തീനിയൻ ജനത അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങൾക്ക് അയവുവരുത്താനുള്ള സാഹചര്യമൊരുക്കുന്നതിനായി ചുമതലപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. സഹായ വിതരണത്തിന്റെ കാര്യത്തിൽ അത്ര തിരക്ക് വേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് യു.എസിലെ ഇസ്രായേൽ അംബാസഡർ മിഷേൽ ഹെർസോഗ് പറഞ്ഞു. സഹായവിതരണത്തിന് എത്തിക്കുന്ന സാധനങ്ങൾ ഹമാസ് ഉപയോഗിക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കിയുള്ള വിതരണത്തിന് എല്ലാ സൗകര്യവുമുണ്ടെന്നും അംബാസഡർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബൈഡൻ മിനപോളിസിൽ സംസാരിക്കവെ ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുകയായിരുന്നു. നിങ്ങൾ ജൂതരെ പരിഗണിക്കുന്നുണ്ടെങ്കിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു എന്നാണ് അവർ അലറിവിളിച്ച് പറഞ്ഞത്. ഈ സമയം ബൈഡന്റെ പ്രസംഗവേദിയിൽനിന്ന് അകലെയല്ലാതെ തെരുവിൽ ഫലസ്തീൻ അനുകൂല പ്രകടനം നടക്കുന്നുണ്ടായിരുന്നു.
ഇപ്പോഴത്തെ സാഹചര്യം ഇസ്രായേലികളെ സംബന്ധിച്ച് ഏറെ കുഴഞ്ഞുമറിഞ്ഞതാണെന്ന് ബൈഡൻ പറഞ്ഞു. മുസ്ലിം ലോകത്തിനും സമാന അവസ്ഥയാണ്. ഞാൻ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയാണ് തുടക്കം മുതൽ പിന്തുണക്കുന്നത്. ഹമാസ് ഭീകര സംഘടനയാണെന്നത് ഉറപ്പാണെന്നും ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.