അരിസോണയിലും ബൈഡന് ജയം
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ അരിസോണയിലും വിജയം സ്വന്തമാക്കി. 11 ഇലക്ടറൽ വോട്ടുകൾ നേരിയ ഭൂരിപക്ഷത്തിലാണ് ബൈഡൻ ജയിച്ചത്. ബൈഡൻ 290 ഇലക്ടറൽ വോട്ടുകൾ നേടിയതോടെ തോൽവി അംഗീകരിക്കാൻ കൂട്ടാക്കാത്ത നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് മേൽ സമ്മർദമേറും. ട്രംപിന് 217 വോട്ടുകളാണുള്ളത്. ഒരു കാലത്ത് റിപ്പബ്ലിക്കൻമാരുടെ ശക്തികേന്ദ്രമായിരുന്ന അരിസോണ 70 വർഷത്തെ ചരിത്രത്തിൽ ഇതു രണ്ടാം തവണയാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയെ തുണക്കുന്നത്. നോർത്ത് കരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്.
കൃത്രിമം നടന്നിട്ടില്ല –ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ഡോണൾഡ് ട്രംപിെൻറ ആരോപണം തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ''ഏതെങ്കിലും വോട്ടിങ് സംവിധാനം ഒഴിവാക്കപ്പെടുകയോ നഷ്ടപ്പെടുകയോ മാറ്റം വരുത്തുകയോ മറ്റെെന്തങ്കിലും കൃത്രിമം നടന്നതായോ തെളിവില്ല'' -അമേരിക്കൻ വോട്ടിങ് സംവിധാനങ്ങൾ സംരക്ഷിക്കേണ്ട ചുമതലയുള്ള, ആഭ്യന്തര സുരക്ഷാ വകുപ്പിനു കീഴിലുള്ള രണ്ടു കമ്മിറ്റികൾ വ്യക്തമാക്കി.
ട്രംപ് ജനാധിപത്യത്തെ
ചോദ്യം ചെയ്യുന്നു –ഒബാമ
കൃത്രിമം നടന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ, വരാനിരിക്കുന്ന ജോ ബൈഡൻ സർക്കാറിെൻറ സാധുത ചോദ്യംചെയ്യുക എന്നതിനെക്കാൾ ജനാധിപത്യത്തെ തന്നെ ട്രംപ് ചോദ്യം ചെയ്യുകയാണെന്ന് മുൻ പ്രസിഡൻറ് ബറാക് ഒബാമ.
അഭിനന്ദിച്ച് ചൈനയും മാർപാപ്പയും
ബെയ്ജിങ്/വത്തിക്കാൻ: ജോ ബൈഡനെയും വൈസ് പ്രസിഡൻറ് കമല ഹാരിസിനെയും ഒടുവിൽ അഭിനന്ദിച്ച് ചൈന. ''അമേരിക്കൻ ജനതയുടെ ഹിതത്തെ ബഹുമാനിക്കുന്നതോടൊപ്പം ബൈഡനെയും കമലയെയും അഭിനന്ദിക്കുകയുമാണ്. അമേരിക്കൻ നിയമവും കീഴ്വഴക്കവും അനുസരിച്ച് വിജയികളെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നും കരുതുന്നു''- വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഇതിനിടെ, ബൈഡനെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപാപ്പയും. കത്തോലിക്ക വിശ്വാസിയായ ബൈഡൻ കഴിഞ്ഞദിവസം മാർപാപ്പയുമായി സംസാരിച്ചിരുന്നു.
കോർപറേറ്റ് മേധാവികൾക്ക് മൗനം
തോൽവി അംഗീകരിക്കാത്ത ട്രംപിെൻറ നിലപാടിനെ കുറിച്ച് പരസ്യമായി പ്രതികരിക്കാതെ, അമേരിക്കയിലെ വൻകിട കമ്പനി സി.ഇ.ഒമാർ. അതേസമയം, ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തിന് ഭീഷണിയാവുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ അതിനെതിരെ യോജിച്ച് പ്രവർത്തിക്കുമെന്ന് പലരും രഹസ്യമായി പറയുന്നുമുണ്ട്.
രാജ്യത്തെ ആറു വൻകിട കമ്പനികളുടെ മേധാവികൾ കഴിഞ്ഞ ആഴ്ച ചേർന്ന ഓൺലൈൻ യോഗത്തിൽ, ട്രംപ് വൈറ്റ് ഹൗസ് വിടാൻ കൂട്ടാക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ എന്തു ചെയ്യണമെന്ന കാര്യം ചർച്ചചെയ്തു. എന്നാൽ, നിയമപരമായി നീങ്ങാൻ ആഗ്രഹിക്കുന്നുെവങ്കിൽ അതിന് ട്രംപിന് അവകാശമുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, ബൈഡെൻറ വിജയം അംഗീകരിച്ച് ഫേസ്ബുക് സി.ഇ.ഒ മാർക് സുക്കർബർഗ്. ''തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതായി ഞാൻ വിശ്വസിക്കുന്നു. ബൈഡൻ നമ്മുടെ അടുത്ത പ്രസിഡൻറാകാൻ പോവുകയാണ്'' -അദ്ദേഹം തെൻറ ജീവനക്കാരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.