ഭരണ അട്ടിമറി; മ്യാൻമറിലെ സൈനിക നേതൃത്വത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച് ബൈഡൻ
text_fields
നയ്പിഡാവ്: മ്യാൻമറിൽ ഭരണം അട്ടിമറിച്ച സൈനിക മേധാവികൾക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. സിവിലിയൻ നേതാവ് ഓങ് സാൻ സൂചിെയയും സഹായികളെയൂം അറസ്റ്റ് ചെയ്ത് തടവിലാക്കിയ സൈന്യം രാജ്യത്തിനുമേൽ സമ്പൂർണ നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്. തലസ്ഥാന നഗരമായ നയ്പിഡാവ്, വാണിജ്യ തലസ്ഥാനമായ യാംഗോൺ തുടങ്ങിയ നഗരങ്ങളിലുൾെപടെ കടുത്ത പ്രതിഷേധവുമായി ജനം തെരുവിൽ സജീവമാണെങ്കിലും സൈന്യം നിലപാട് മാറ്റിയിട്ടില്ല. സൂചിയെ അറസ്റ്റ് ചെയ്തയുടൻ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
പട്ടാളത്തെ സമ്മർദത്തിലാക്കാൻ ജനം നിസ്സഹകരണ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ജോലിക്കു ഹാജരാകാതെയാണ് ഒന്നാം ഘട്ട നിസ്സഹകരണം.
ഇതിനു പിന്തുണ നൽകിയാണ് സൈനിക ജനറൽമാർക്കെതിരെ യു.എസ് ഉപരോധം ഏർപെടുത്തുന്നത്. യു.എസിൽ തടഞ്ഞുവെച്ച 100 കോടി ഡോളർ വരുന്ന മ്യാൻമർ സർക്കാർ ഫണ്ട് സൈന്യത്തിന് ഇതോടെ പിൻവലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏർപെടുത്തും. ബർമ സർക്കാറിെൻറ മറ്റു ഫണ്ടുകളും മരവിപ്പിക്കും.
അതിനിടെ, സൂചിയുടെ സഹായിയും മന്ത്രിയുമായിരുന്ന ക്യാവ് ടിൻറ് സ്വയെ സൈന്യം അറസ്റ്റ് ചെയ്തു. സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വിവരം പങ്കുവെച്ചത്. രാജ്യത്ത് സൈന്യം കൂട്ടമായി ഭരണ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച രാത്രിയിലാണ് വീട്ടിലെത്തി മന്ത്രി െസ്വയെ സൈന്യം കസ്റ്റഡിയിലെടുത്തത്.
പാശ്ചാത്യ രാജ്യങ്ങൾ ഉൾപെടെ സൈനിക അട്ടിമറിയെ വിമർശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാൻ, ഏഷ്യൻ അയൽ രാജ്യങ്ങൾ മ്യാൻമറുമായി ബന്ധം വിഛേദിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. അതുവഴി വിദേശ സമ്മർദം മറികടക്കാമെന്ന് സൈന്യം കണക്കുകൂട്ടുന്നു.
മ്യാന്മർ അട്ടിമറിക്കെതിരെ യു.എൻ മനുഷ്യാവകാശ കമീഷൻ വെള്ളിയാഴ്ച പ്രമേയം അവതരിപ്പിക്കുമെങ്കിലും റഷ്യ, ചൈന രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാവാത്തതിനാൽ പരാജയപ്പെടുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.