ട്രംപിനെതിരെ ബൈഡൻ പണിതത് 'ബ്ലൂ വാൾ'; എന്താണീ നീല മതിൽ?
text_fieldsയു.എസ് പ്രസിഡന്‍റ് പദവിയിലേക്ക് ആറ് വോട്ടുകൾ മാത്രം അകലെയുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ റിപബ്ലിക്കൻ എതിരാളി ട്രംപിനെതിരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഉയർത്തിയത് വിഖ്യാതമായ 'നീല മതിൽ (ബ്ലൂ വാൾ)'. 270 ഇലക്ടറൽ വോട്ടുകൾ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ബൈഡന് നിലവിൽ 264 വോട്ടുകളായി. 213 വോട്ടുകൾ മാത്രമുള്ള ട്രംപിന് പ്രസിഡന്‍റ് പദവി ഏറെക്കുറെ അപ്രാപ്യമാണ്.
ഡെമോക്രാറ്റുകളുടെ അടിയുറച്ച കോട്ടകളായ 18 സംസ്ഥാനങ്ങളെയാണ് രാഷ്ട്രീയ നിരീക്ഷകർ നീല മതിലെന്ന് വിലയിരുത്തുന്നത്. 1992 മുതൽ 2012 വരെയുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ ഈ സംസ്ഥാനങ്ങൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമായി മാത്രമാണ് വിധിയെഴുതിയത്.
ഇതിനിടയിൽ രണ്ട് പ്രാവശ്യം, 2000ലും 2004ലും, റിപബ്ലിക്കൻ സ്ഥാനാർഥിയായി ജോർജ് ഡബ്ല്യു. ബുഷ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ബ്ലൂ വാളിന് പുറത്തെ സംസ്ഥാനങ്ങളുടെ ബലത്തിൽ മാത്രമാണ് ബുഷ് അന്ന് ജയിച്ചുകയറിയത്.
2016ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റണെ ബ്ലൂ വാൾ സംസ്ഥാനങ്ങൾ നിഷ്പ്രയാസം വിജയത്തിലെത്തിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാൽ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ എന്നീ മൂന്ന് നീല മതിൽ സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിൽ ട്രംപ് വിജയിച്ചു. എന്നാൽ, ഇത്തവണ ഇവ ബൈഡൻ തിരിച്ചുപിടിച്ചു. മിഷിഗണിലും വിസ്കോൺസിനിലും വിജയിച്ച ബൈഡൻ നിർണായകമായ പെൻസിൽവേനിയയിൽ കടുത്ത മത്സരത്തിലുമാണ്. 20 ഇലക്ടറൽ വോട്ടുകളാണ് പെൻസിൽവേനിയയിൽ ഉള്ളത്. മിഷിഗണിൽ 16ഉം വിസ്കോൺസിനിൽ 10ഉം വോട്ടുകളാണുള്ളത്.
അമേരിക്കൽ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റൊണാൾഡ് ബ്രൗൺസ്റ്റെയിനാണ് ബ്ലൂ വാൾ എന്ന പദം 2009ൽ ആദ്യമായി ഉപയോഗിച്ചത്. റിപബ്ലിക്കൻ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളെ റെഡ് വാൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇവ അത്ര പ്രസക്തമല്ല. 2008ൽ റിപബ്ലിക്കൻമാരുടെ നിരവധി കോട്ടകൾ തകർത്താണ് ഡെമോക്രാറ്റ് സ്ഥാനാർഥി ബറാക് ഒബാമ പ്രസിഡന്‍റായത്.
ബ്ലൂ വാൾ സംസ്ഥാനങ്ങൾ
കലിഫോർണിയ, കണക്ടിക്കട്ട്, ഡെലവർ, ഹവായി, മൈനെ, ഇല്ലിനോയിസ്, മേരിലാൻഡ്, മസാച്യുസാറ്റ്സ്, മിഷിഗൺ, മിനെസോട്ട, ന്യൂജേഴ്സി, ന്യൂയോർക്ക്, ഒറിഗൺ, പെൻസിൽവേനിയ, റോഡ് ഐലൻഡ്, വെർമോണ്ട്, വാഷിങ്ടൺ, വിസ്കോൺസിൻ എന്നീ 18 സംസ്ഥാനങ്ങൾക്കൊപ്പം ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും ചേർന്നതാണ് ബ്ലൂ വാൾ.
1992ന് ശേഷം 2016ൽ ട്രംപ് മൂന്നിടത്ത് നേടിയ വിജയം മാത്രമാണ് ബ്ലൂ വാൾ സംസ്ഥാനങ്ങളിൽ റിപബ്ലിക്കൻ പാർട്ടിക്ക് അവകാശപ്പെടാനുള്ള വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.