Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹു പെരും നുണയൻ,...

നെതന്യാഹു പെരും നുണയൻ, പുടിൻ പിശാച്; ഇസ്രായേൽ-റഷ്യ രാഷ്ട്രനേതാക്കൾക്കെതിരായ ബൈഡന്റെ പരാമർശങ്ങളടങ്ങിയ പുസ്തകം ചർച്ചയാകുന്നു

text_fields
bookmark_border
നെതന്യാഹു പെരും നുണയൻ, പുടിൻ പിശാച്; ഇസ്രായേൽ-റഷ്യ രാഷ്ട്രനേതാക്കൾക്കെതിരായ ബൈഡന്റെ പരാമർശങ്ങളടങ്ങിയ പുസ്തകം ചർച്ചയാകുന്നു
cancel

വാഷിങ്ടൺ: ഏറെ ചർച്ചയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്‍വാർഡിന്റെ പുതിയ പുസ്തകമായ 'വാർ'. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള അവിശ്വാസം പരസ്യമാക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിൽ നെതന്യാഹുവിനെതിരെ ബൈഡൻ നടത്തിയ കടുത്ത ആരോപണങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

തന്റെ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെയാണ് ബൈഡൻ നെതന്യാഹുവിനെ പെരുംനുണയനെന്നും വൃത്തികെട്ട മനുഷ്യൻ എന്നും തെണ്ടിയുടെ മകൻ എന്നും വിശേഷിപ്പിക്കുന്നത്. 2024ന്റെ തുടക്കത്തിൽ ഇസ്രായേൽ ഗസ്സയിൽ ആക്രമണം കടുപ്പിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ. ഇതിനുമപ്പുറം ബൈഡൻ നെതന്യാഹുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ബോബ് വുഡ് വാർഡ് നടത്തിയ പ്രതികരണം.

നെതന്യാഹുവിന് വേണ്ടി പ്രവർത്തിക്കുന്ന സഹായികളിൽ 19ൽ 18 പേരും നുണയൻമാരാണെന്നും ബൈഡൻ പറയുന്നുണ്ട്. ഇത്തരം ആരോപണങ്ങൾക്കിടയിലും ഇസ്രായേലും യു.എസും സഖ്യകക്ഷികളാണെന്നതും യാഥാർഥ്യമാണ്. ഇസ്രായേൽ അനുകൂലനയം പുലർത്തുന്ന യു.എസ് പ്രസിഡന്റുമാണ് ബൈഡൻ. ബൈഡനെ കൂടാതെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള മറ്റ് യു.എസ് നേതാക്കൾക്കും നെതന്യാഹുവിനോട് ഭിന്നതയുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഇരട്ടത്താപ്പും നെതന്യാഹുവിനെ അസ്വസ്ഥനാക്കിയിരുന്നു.

കമല ഹാരിസ് മറക്കു പിന്നിൽ നെതന്യാഹുവിനോട് സൗഹാർദത്തോടെ പെരുമാറി. എന്നാൽ പരസ്യമായി ഇസ്രായേലിനെ വിമർശിക്കുകയും ചെയ്തു. ജൂലൈയിൽ നടന്ന യോഗത്തിന് ശേഷമാണ് ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെ കമല ഹാരിസ് പരസ്യമായി വിമർശിച്ചത്. ഇതിൽ നെതന്യാഹു ക്ഷുഭിതനായിരുന്നുവെന്നും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. കമലയെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതിലും ഇസ്രായേലിന് എതിർപ്പുണ്ട്.

നെതന്യാഹുവിനെ കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു നേരെയും ബൈഡൻ അധിക്ഷേപം നടത്തുന്നുണ്ട്. പുടിനെ വൃത്തികെട്ട മനുഷ്യൻ എന്നാണ് ബൈഡൻ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, പുടിൻ പിശാചാണെന്നും പൈശാചികതയുടെ മൂർത്തീഭാവമാണെന്നും ബൈഡൻ ആരോപിക്കുന്നു. റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഓവൽ ഓഫിസിൽ ഉപദേഷ്ടാക്കളുമായി നടത്തിയ ചർച്ചയിലായിരുന്നു പുടിനെതിരെ ബൈഡൻ തുറന്നടിച്ചത്.

യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള രഹസ്യ ഇട​പാടുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെയാണ് വാർ വിവാദങ്ങളിൽ ഇടംപിടിച്ചത്. കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ പുടിനു വേണ്ടി ട്രംപ് രഹസ്യമായി പരിശോധനാ യന്ത്രങ്ങൾ അയച്ചെന്നാണു പുസ്തകത്തിൽ പറഞ്ഞത്. അബോട് പോയിന്റ് ഓഫ് കെയർ കോവിഡ് ടെസ്റ്റ് മെഷീനുകളായിരുന്നു ഇത്. കോവിഡ് ടെസ്റ്റ് മെഷീൻ അയച്ച വിവരം പരസ്യമാക്കരുതെന്ന് പുടിൻ ട്രംപിനോട് നിർദേശിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറങ്ങിയ ശേഷവും ട്രംപ് ഇടയ്ക്കിടെ പുടിനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് പുസ്തകത്തിൽ ബോബ് വുഡ്‌വാർഡ് വെളിപ്പെടുത്തുന്നുണ്ട്.

പുസ്തകത്തിലെ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു. ബോബ് വുഡ്‌വാർഡ് പടച്ചുണ്ടാക്കിയ കഥകളൊന്നും ശരിയല്ലെന്നായിരുന്നു ട്രംപിന്റെ വക്താവ് സ്റ്റീവൻ ചിയൂങ് പ്രതികരിച്ചത്. ബൈഡനെ കുറിച്ചുള്ള വെളിപ്പെടുത്തൽ വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി എമിലി സിമൺസും നിഷേധിച്ചു. ബൈഡനും നെതന്യാഹുവും തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും വളരെ വിശ്വസ്തവും ഗാഢവുമായ ബന്ധമാണെന്നുമാണ് എമിലി വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladimir putinJoe BidenBenjamin Netanyahu
News Summary - Biden said to claim 18 out of 19 people who work for Netanyahu are liars
Next Story