കോവിഡ്: വിദഗ്ധർ നിർദേശിച്ചാൽ അമേരിക്കയൊന്നാകെ അടച്ചിടാനും തയാറെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: കോവിഡിനെ നേരിടുന്നതിനായി വിദഗ്ധർ നിർദേശിച്ചാൽ അമേരിക്കയൊന്നാകെ അടച്ചിടാൻ താൻ തയാറാണെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ. ശാസ്ത്രജ്ഞർ പറയുന്നത് താൻ കേൾക്കുമെന്നും അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു.
ജീവനുകൾ രക്ഷിക്കാൻ എന്ത് നടപടി കൈക്കൊള്ളാനും ഒരുക്കമാണ്. കാരണം, വൈറസിനെ നിയന്ത്രിച്ചുനിർത്താതെ നമുക്ക് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല.
ട്രംപ് ഭരണകൂടം വൈറസ് സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിൽ അടിസ്ഥാനപരമായ വീഴ്ച വരുത്തി. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനും സമ്പദ് വ്യവസ്ഥ വളരാനും ജനങ്ങൾക്ക് തൊഴിൽ ലഭിക്കാനും ആദ്യം വൈറസിനെ ഇല്ലാതാക്കേണ്ടിയിരിക്കുന്നു. നിങ്ങൾ വൈറസിനെയാണ് നേരിടേണ്ടത് -ബൈഡൻ പറഞ്ഞു.
അതേസമയം, അമേരിക്ക അടച്ചുപൂട്ടുമെന്ന ബൈഡന്‍റെ പ്രസ്താവനയെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ തെറ്റായി വ്യാഖ്യാനിച്ചു. ''ഏറ്റവും വലിയ ജോലി നേട്ടവും രോഗമുക്തി നിരക്കും ഉണ്ടായിട്ടും രാജ്യം അടച്ചുപൂട്ടുമെന്നാണ് ബൈഡൻ പറയുന്നത്. അദ്ദേഹത്തിന് രാജ്യത്തെ കുറിച്ച് ഒന്നും അറിയില്ല'' -ട്രംപ് പറഞ്ഞു.
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ട്രംപ് ഭരണകൂടത്തിനുണ്ടായ വീഴ്ച ഉയർത്തിക്കാട്ടിയാണ് ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. വൈറസ് അപ്രത്യക്ഷമാകുകയാണെന്ന് പറയുന്ന പ്രസിഡന്‍റ് ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് -ബൈഡൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.