നെതന്യാഹു ഇസ്രായേലിന് ദ്രോഹം ചെയ്യുന്നു; യുദ്ധത്തിൽ അതിരുകടക്കരുതെന്നും ബൈഡൻ
text_fieldsവാഷിങ്ടൺ: ബിന്യമിൻ നെതന്യാഹുവിന്റെ നടപടികൾ ഇസ്രായേലിനെ സഹായിക്കുകയല്ല ദ്രോഹമാവുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേലിന് പ്രതിരോധമൊരുക്കാനും ഹമാസിനെ അടിച്ചമർത്താനും നെതന്യാഹുവിന് അവകാശമുണ്ട്.
എന്നാൽ, നിരപരാധികളായ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹത്തിന് ശ്രദ്ധയുണ്ടാകണം. ഗസ്സയിലെ നെതന്യാഹുവിന്റെ നടപടികൾ ഇസ്രായേലിനെ സഹായിക്കുന്നതിനേക്കാൾ ദ്രോഹമാവുകയാണ് ചെയ്യുക. ഇസ്രായേൽ യുദ്ധരംഗത്ത് അതിരുകടക്കരുത്. -അദ്ദേഹം പറഞ്ഞു. 15 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന റഫയിലെ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ വിരുദ്ധമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ‘അതൊരു ചുവന്ന വരയാണ്. വര മുറിച്ചു കടന്നാൽ...’ എന്ന് പറഞ്ഞ ബൈഡൻ ഉടൻ തിരുത്തി.
‘‘ഞാനൊരിക്കലും ഇസ്രായേലിനെ കൈയൊഴിയാൻ പോകുന്നില്ല. എനിക്ക് ഒരു ചുവന്ന വരയുമില്ല. ഇസ്രായേലിന്റെ പ്രതിരോധം നിർണായകമാണ്’’. -അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണക്കുന്ന നിലപാടിനെതിരെ രാജ്യത്തിനകത്തും പുറത്തും ഉയരുന്ന പ്രതിഷേധം ബൈഡൻ ഭരണകൂടത്തെ സമ്മർദത്തിലാക്കുന്നുണ്ട്.
അതേസമയം, ആയുധക്കമ്പനികളുടെയും ജൂതലോബി കോർപറേറ്റുകളുടെയും സമ്മർദം കാരണം ഇസ്രായേലിനെ കൈയൊഴിയാനും പറ്റുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈഡൻ എത്തുന്ന സ്ഥലങ്ങളിലെല്ലാം യുദ്ധവിരുദ്ധ പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. ഫലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി യു.എസ് സൈനികൻ തീകൊളുത്തി മരിച്ച സംഭവം പ്രതിഷേധത്തെ മറ്റൊരു തലത്തിലെത്തിച്ചു. ഗസ്സയിലേക്ക് അടിയന്തര മാനുഷികസഹായം അയക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത് ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.