ട്രംപിനെതിരെ വിജയം ഉറപ്പായിരുന്നു, എന്നാൽ എനിക്ക് ചലിക്കാൻ പോലും സാധിക്കില്ലെന്ന് പാർട്ടി കരുതി; ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ. സ്ഥാനാർഥിയായി തുടർന്നിരുന്നെങ്കിൽ ഡോണൾഡ് ട്രംപിനെതിരെ വിജയം ഉറപ്പായിരുന്നുവെന്നും ബൈഡൻ അവകാശപ്പെട്ടു.
പാർട്ടിയുടെ ഐക്യം തകർക്കരുതെന്ന് കരുതിയാണ് സ്ഥാനാർഥിത്വം പാതിവഴിയിൽ ഉപേക്ഷിച്ചതെന്നും ബൈഡൻ സൂചിപ്പിച്ചു. കമല ഹാരിസിന് ട്രംപിനെ തോൽപിക്കാൻ സാധിക്കുമായിരുന്നുെവന്നും ബൈഡൻ പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിൽ ഖേദിക്കുന്നുണ്ടോ? ട്രംപിനെ എളുപ്പം പരാജയപ്പെടുത്താൻ കഴിയുമെന്ന് താങ്കൾക്ക് ഉറപ്പുണ്ടായിരുന്നോ?-എന്നായിരുന്നു വൈറ്റ്ഹൗസിൽ വാർത്ത ഏജൻസിയായ പി.ടി.ഐ ബൈഡനോട് ചോദിച്ചത്.
''ഞാനങ്ങനെ കരുതുന്നില്ല. എനിക്ക് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു എന്ന് തോന്നുന്നു. കമലക്കും ട്രംപിനെ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു എന്നും വിശ്വസിക്കുന്നു.''-ബൈഡൻ പറഞ്ഞു.
എന്നാൽ എനിക്ക് ചലിക്കാൻ പോലും സാധിക്കില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി വിശ്വസിച്ചു. അതോടെ കടുത്ത ആശങ്കയിലായി എല്ലാവരും. പാർട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുകയായിരുന്നു പ്രധാനം. അതിനാൽ പാതിവഴിയിൽ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ തീരുമാനിക്കുകയായിരുന്നു. മത്സരിച്ചാൽ ട്രംപിനെതിരെ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അക്കാര്യത്തിൽ എനിക്ക് സംശയമേ ഉണ്ടായിരുന്നില്ല. പാർട്ടിയെ കുഴപ്പത്തിലാക്കാൻ താൽപര്യമുണ്ടായിരുന്നില്ല. കമല വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ.- ബൈഡൻ പറഞ്ഞു. യു.എസ് പ്രസിഡന്റാകാൻ സാധിച്ചത് ജീവിതത്തിലെ മഹത്തായ കാര്യമാണെന്നും 82കാരനായ ബൈഡൻ കൂട്ടിച്ചേർത്തു.
അടുത്ത ബുധനാഴ്ചയാണ് ബൈഡന്റെ വിടവാങ്ങൽ പ്രസംഗം.
കഴിഞ്ഞ ജൂണിൽ അറ്റ്ലാന്റയിൽ വെച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തെ തുടർന്നാണ് ബൈഡന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടായത്. ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ ശേഷമാണ് കമല ഹാരിസ് മത്സരരംഗത്തേക്ക് എത്തിയത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നേടിയാണ് ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടി കരുത്തുകാട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.