അഫ്ഗാനിൽ ആഗസ്റ്റ് 31നു ശേഷവും അമേരിക്കൻ സേന തുടർന്നേക്കുമെന്ന് ബൈഡൻ
text_fieldsന്യൂഡൽഹി: സ്ഥിതിഗതികൾ കൂടുതൽ കലുഷമാകുന്ന അഫ്ഗാനിസ്താനിൽ ആഗസ്റ്റ് 31ന് ശേഷവും യു.എസ് സേന തുടർന്നേക്കുമെന്ന സൂചന നൽകി പ്രസിഡന്‍റ് ജോ ബൈഡൻ. സൈനിക പിന്മാറ്റം അതിവേഗത്തിലാക്കിയതിനെതിരെ നാട്ടിലും പുറത്തും വിമർശനം ശക്തമായ സാഹചര്യത്തിലാണ് നയംമാറ്റ സൂചന. പക്ഷേ, അമേരിക്കക്കാർ രാജ്യത്ത് നിലനിൽക്കുന്നിടത്തോളം മാത്രമാകും അമേരിക്കൻ സൈന്യവും നിലനിൽക്കുകയെന്നാണ് ബൈഡന്‍റെ പ്രഖ്യാപനം. ആഗസ്റ്റ് 31നകം എല്ലാ അമേരിക്കക്കാരും അഫ്ഗാൻ വിട്ടാൽ സൈനിക പിന്മാറ്റവും അതിനകം പൂർത്തിയാക്കും.
സൈനിക പിന്മാറ്റത്തിന്‍റെ വേഗം കുറക്കാൻ യു.എസ് സാമാജികർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കക്കാരെയും അവർക്കൊപ്പം ജീവനക്കാരായുണ്ടായിരുന്ന അഫ്ഗാനികളെയും അമേരിക്കയിലെത്തിക്കുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. എന്നാൽ, ഈ വിഭാഗത്തിൽ പെടുന്ന എല്ലാ അഫ്ഗാനികളെയും കൊണ്ടുപോകുന്നത് ഇപ്പോൾ അമേരിക്കയുടെ പരിഗണനയിലില്ല. താലിബാൻ കാബൂൾ പിടിക്കുന്നതിന് മുമ്പ് അഫ്ഗാനികളിൽ ചിലരെ അമേരിക്കയിലെത്തിച്ചിരുന്നു. അവശേഷിച്ചവരെ എന്ന് കൊണ്ടുപോകുമെന്ന് വ്യക്തമല്ല.
രാജ്യം വിടാൻ എയർപോർട്ടുകളിലേക്ക് പോകുന്നവർക്ക് ആൾക്കൂട്ടവും താലിബാൻ ചെക്പോയിന്റുകളും തടസ്സമാകുന്നതായി റിപ്പോർട്ടുണ്ട്. 3200 അഫ്ഗാനികളെ രാജ്യം വിടാൻ സഹായിച്ചതായി അമേരിക്ക പറയുന്നു. അതേ സമയം, ഇനിയും ആയിരക്കണക്കിന് അമേരിക്കക്കാരും അനേക ഇരട്ടി അഫ്ഗാനികളും നാടുവിടാൻ കാത്തിരിക്കുന്നുണ്ട്.
താലിബാൻ യഥാർഥ പോരാളികൾ –ട്രംപ്
വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാകവെ, താലിബാനെ പ്രകീർത്തിച്ച് യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. ക്രൂരരായാണ് ചരിത്രം താലിബാനെ വിലയിരുത്തുന്നത്. എന്നാൽ താലിബാൻ യഥാർഥ പോരാളികളാണെന്നും അവർ ആയിരം വർഷം യുദ്ധം ചെയ്യാൻ തയാറെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ട്രംപിെൻറ ഈ സംഭാഷണശകലം വൈറലായിട്ടുണ്ട്. അഫ്ഗാനിലെ സാഹചര്യം വഷളാക്കിയത് ബൈഡൻ ഭരണകൂടമാണെന്നും ട്രംപ് ആരോപിച്ചു. ട്രംപിെൻറ ഭരണകാലത്താണ് ഖത്തറിൽ താലിബാനുമായി സമാധാന കരാറിൽ ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.