ക്യൂബയിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ജോ ബൈഡന്‍
text_fieldsവാഷിങ്ടണ്‍: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവർക്ക് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പിന്തുണ. ക്യൂബന്‍ ജനതക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ബൈഡന്‍ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ക്യൂബന്‍ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണം. ദശാബ്ദങ്ങളായി ജനതയെ അടിച്ചമര്‍ത്തുന്നതിനും സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കുന്ന ക്യൂബന്‍ സര്‍ക്കാറിന്‍റെ നയങ്ങളില്‍ സമൂലമാറ്റം ആവശ്യമാണ്. ജനത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബൈഡന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ക്യൂബയിൽ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. അപൂർവമായാണ് രാജ്യത്ത് പ്രതിഷേധങ്ങൾ അരങ്ങേറാറുള്ളത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. കോവിഡ് പകരുന്നത് തടയുന്നതിനും മികായേൽ ഡയസ് കെയ്ൻ സർക്കാർ പരാജയമാണെന്നാണ് ആരോപണം.
പലയിടത്തും ജനക്കൂട്ടത്തെ തടയാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കുറച്ചു പേരെ അറസ്റ്റ് ചെയ്തു നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.