റഷ്യയിൽ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി യു.എസ്
text_fieldsവാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി യു.എസ്. ഇതിനുള്ള ബില്ലിൽ പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. യുക്രെയ്ൻ അധിനിവേശം തുടരുന്ന റഷ്യക്കുമേൽ കൂടുതൽ സമ്മർദം ചെലുത്താൻ ലക്ഷ്യമിട്ടാണ് യു.എസ് നടപടി.
90 ദിവസത്തിനുള്ളിൽ യു.എസ് ആണവനിലയങ്ങളിലേക്കുള്ള യുറേനിയം റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കും. യുറേനിയം ലഭിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഇതിൽ ഇളവുകൾ അനുവദിക്കുന്നതിന് യു.എസ് ഊർജ വകുപ്പിന് അനുമതിയുണ്ടാകും. യുറേനിയത്തിന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളാണ് റഷ്യ. യു.എസ് ആണ് റഷ്യ വിതരണം ചെയ്യുന്ന യുറേനിയത്തിന്റെ 24 ശതമാനവും ഉപയോഗിക്കുന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നടന്ന് ആഴ്ചകൾക്കകം തന്നെ അവിടെ നിന്നുള്ള എണ്ണയുടെയും ഗ്യാസിന്റേയും ഇറക്കുമതി യു.എസ് കുറച്ചിരുന്നു. റഷ്യക്ക് വിദേശനാണ്യം ലഭിക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടായിരുന്നു യു.എസ് നടപടി. റഷ്യക്കും പിന്നെയും യു.എസും സഖ്യരാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ആണവനിലയത്തിന്റെ പ്രവർത്തനം താളംതെറ്റുമെന്ന ഭയം കൊണ്ടാണ് യു.എസ് ഇത്രയും നാൾ യുറേനിയം ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്താതിരുന്നത്. രാജ്യത്തെ 93 ആണവനിലയങ്ങളിലും റഷ്യൻ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇറക്കുമതി നിരോധിച്ചാൽ ഇവയുടെ പ്രവർത്തനം നിലക്കുമെന്ന് യു.എസിന് ആശങ്കയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.