''മുസ്ലിം യാത്രവിലക്ക്' നീക്കി ബൈഡൻ; യു.എസ് വീണ്ടും ലോകാരോഗ്യ സംഘടനയിൽ
text_fieldsവാഷിങ്ടൺ: മുൻഗാമി ഡോണൾഡ് ട്രംപിെൻറ വിവാദ ഉത്തരവുകൾ ഒന്നൊന്നായി വെട്ടിത്തിരുത്തി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ജോലി തുടങ്ങി. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള അടിയന്തര നടപടികൾക്കാണ് മുൻഗണന. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് വിലക്കേർപ്പെടുത്തിയ നിയമം റദ്ദാക്കി.
ഉത്തരവിനു പിന്നാലെ ഈ രാജ്യങ്ങളിൽനിന്ന് യാത്ര പുനരാരംഭിക്കാൻ വിസ നടപടികൾക്ക് നിർദേശം നൽകി. ഇറാൻ, ലിബിയ, സോമാലിയ, ഇറാഖ്, സുഡാൻ, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ട്രംപ് ഭരണകൂടം യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നത്. അനധികൃത കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിലെ മതിൽനിർമാണത്തിനുള്ള ഫണ്ട് മരവിപ്പിച്ചു.
പാരിസ് ഉടമ്പടിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനും ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗമാകുന്നതിനുമുള്ള ഉത്തരവുകളിലും ബൈഡൻ ഒപ്പിട്ടു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്ന് കരുതുന്ന കീസ്റ്റോൺ എക്സ്.എൽ പൈപ്പ്ലൈൻ പദ്ധതി റദ്ദാക്കാനും ഉത്തരവിട്ടു.
മെക്സിക്കോ അതിർത്തിയിൽ നേരത്തെ ട്രംപ് ഉത്തരവിട്ട മതിൽനിർമാണം നിർത്തിവെക്കാനും ബൈഡൻ നിർദശേിച്ചു.
കുടിയേറ്റം തടയാനെന്ന പേരിലായിരുന്നു വ്യാപക വിമർശനത്തിനിടയാക്കിയ മതിൽ നിർമാണം. മെക്സിക്കൻ കുടിയേറ്റക്കാർ 'ബലാത്സംഗ വീരന്മാരും മയക്കുമരുന്ന് കടത്തുകാരുമാണെ'ന്നൂം ട്രംപ് കുറ്റപ്പെടുത്തി. നീക്കം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു. ഉരുക്ക് മതിൽ നിർമാണം അടിയന്തരമായി നിർത്തിവെക്കാനുള്ള ഉത്തരവ് മെക്സിക്കോ സ്വാഗതം ചെയ്യുകയും ചെയ്തു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.