ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാകില്ല; നെതന്യാഹുവിനോട് നിലപാട് വ്യക്തമാക്കി ബൈഡൻ
text_fieldsവാഷിങ്ടൺ: ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചൽ അമേരിക്ക അതിനെ പിന്തുണക്കില്ല. രാത്രിയിലെ സംഭവം ഇസ്രായേലിന്‍റെ വിജയമായി കണക്കാക്കണം. കാരണം ഇറാന്‍റെ ആക്രമണങ്ങൾ വലിയ പരാജയവും ഇസ്രായേലിന്‍റെ സൈനിക ശേഷി പ്രകടമാക്കുന്നതുമായിരുന്നു. നൂറിലധിക ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ ഇറാൻ തൊടുത്ത മിക്കവാറും എല്ലാ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിക്കു പുറത്തുവെച്ചു തന്നെ ഇസ്രായേലിനു തകർക്കാനായെന്നും ബൈഡൻ പറഞ്ഞു.
ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങൾ ഇറാനുമായി സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണക്കാനും തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആക്രമണത്തിൽ ആർക്കും നേരിട്ട് പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേൽ ഏമർജൻസി സർവിസ് അറിയിച്ചു. അതേസമയം, ഇസ്രായേൽ വിക്ഷേപിച്ച ഇന്‍റർസെപ്റ്റർ മിസൈലിന്‍റെ ചെറിയൊരുഭാഗം തലയിൽ തട്ടി ഏഴു വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. ഇറാന്‍റെ മിസൈൽ ആക്രമണം അഞ്ചു മണിക്കൂർ നീണ്ടുനിന്നതായി യു.എസ് വ്യക്തമാക്കി. ഇറാന്റെ 70ലധികം ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്.
യു.എസ് യുദ്ധവിമാനങ്ങളും ഇസ്രായേലിന് നേരെ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രായേൽ ഇനി ആക്രമിച്ചാൽ കൂടുതൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ചൈന ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ബാക്കിപത്രമാണ് പുതിയ സംഘർഷമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിയായാണ് ഇറാന്‍റെ മിസൈൽ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.